ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Monday, 30 May 2011

അഗ്നിപരീക്ഷ
അങ്ങനെ ഞാന്‍ ആ സാഹസത്തിനു മുതിരുകയാണ്. അവിശ്വാസികളുടെ വായടയ്ക്കുക എന്നതാണെന്റെ ലക്‌ഷ്യം. നാലഞ്ചു ദിവസമായിട്ടു എനിക്ക് ചില മെയിലുകള്‍ കിട്ടുന്നുണ്ട്‌. ഞാന്‍ യഥാര്‍ത്ഥത്തില്‍ പെണ്ണാണോ എന്നാണവര്ക്കറിയേണ്ടത്. ബൂലോകത്തില്‍ക്കൂടി  വെറുതെ സര്‍ച്ചിപ്പോകുന്ന നെറ്റിസന്‍മാരെ പെണ്‍പേരില്‍  വലവീശാനിറങ്ങിയ കശ്മലനല്ലേ ഞാന്‍ എന്നാണവര്‍ ചോദിക്കുന്നത്? പെണ്ണാണെങ്കില്‍ ഇത് വരെ എന്തുകൊണ്ടൊരു പാചകക്കുറിപ്പ് പോസ്റ്റിയില്ല എന്നാണു ചോദ്യം. വളരെ പ്രസക്തമായ ചോദ്യം. പെണ്ണാണെങ്കില്‍ പാചകം അറിഞ്ഞിരിക്കണം, പാചകം ഇഷ്ടപ്പെടണം,  പാചകക്കുറിപ്പ് പോസ്റ്റിയിരിക്കണം. ശരിയാണ് ഞാനന്ഗീകരിക്കുന്നു.  എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ഇതാ ഞാനാ തെറ്റ് തിരുത്തുന്നു. 

എന്റെ വളരെ പ്രശസ്തമായ ഒരു പാചകക്കുറിപ്പാണിത്. ഞാന്‍ ചില്ലി ചിക്കന്‍, ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ഗോബി മന്‍ജൂരിയന്‍,
ചിക്കന്‍ കോര കോര, ഫിഷ്‌ മോളി, ഫിഷ്‌ സ്ടഫ്ദ്, പാസ്ത ഡി കൊസ്റെല്ലോ, ബീഫ് ഉലര്‍ത്തിയത്  തുടങ്ങിയ അന്താരാഷ്‌ട്ര വിഭവങ്ങളും, പയര്  തോരന്‍, ചക്കക്കുരു മാങ്ങ ചാറ്‌,  മോര് കറി, പടവലങ്ങ തോരന്‍, സാമ്പാറ്, ചമ്മന്തി തുടങ്ങിയ നാടന്‍ വിഭവങ്ങളും കഴിച്ചിട്ടുണ്ട്. ആ അനുഭവത്തില്‍ പറയുകയാണ്‌, ഇതിനെയെല്ലാം തറപറ്റിക്കുന്ന  ഒരു വിഭവമാണിത്. ഇന്ത്യയിലെ കേരളമെന്ന സംസ്ഥാനത്ത് വളരെ പ്രചാരത്തിലുള്ള ഒരു വിഭവമാണിത്. ഒരു പാടുപേര്‍ വളരെ ഇഷ്ടപ്പെട്ടു കഴിക്കുന്ന ഒരു വിഭവം. എന്റെ കെട്ടിയവനും ഇത് വലിയ ഇഷ്ടമാണ്. 

വളരെ complicated ആയ ഒരു വിഭവമാണിത്.   തഴക്കം വന്ന പാച്ചകകാരികള്‍ക്ക് പോലും ഇത് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ പാചക നിര്‍ദേശങ്ങള്‍ സൂക്ഷിച്ചു ഫോളോ ചെയ്യുക. 

ചോറ് 
പാചക സമയം : ഒരു മണിക്കൂര്‍
പാചക ബുദ്ധിമുട്ട്: വളരെയധികം. 
അപകട സാധ്യത - വളരെയധികം. 

ആവശ്യമുള്ള സാധനങ്ങള്‍

അരി - അര കിലോ (ഇത്  പച്ചരിയോ, ചുവന്നയരിയോ ആകാം)
കലം - ഒന്ന് 
വെള്ളം - കലം നിറയാന്‍ പാകത്തിന്.
ഉപ്പു - വേണമെങ്കില്‍ 

ഉപകരണങ്ങള്‍

ഗ്യാസ് സ്ടവ്   - ഒന്ന്
ഗ്യാസ് കണെക്ഷന്‍ -  സ്ടവ് പ്രവര്‍ത്തിപ്പിക്കാന്‍
ചാക്ക് തുണി - തീ പടര്‍ന്നാല്‍ കെടുത്താന്‍
ബര്‍നോള്‍ - പൊള്ളലിന്
അടിയില്‍ തുളയുള്ള ഒരു പാത്രം - ചോറ് വാര്‍ക്കാന്‍
കൈക്കല തുണി - ചൂട് കലം അടുപ്പില്‍ നിന്നിറക്കി വെക്കാന്‍. 
മനോരമ വാരിക - ഇടവേളയില്‍ വായിക്കാന്‍ 

തയാറാക്കുന്ന വിധം

1. അരി നന്നായി കഴുകുക (ചുവന്നയരിയാനെങ്കില്‍ പ്രത്യേക ശ്രദ്ധയോടെ കഴുകണം. അരി കാണുമ്പോള്‍    ഭംഗിയുണ്ടാകാനായി ചേര്‍ത്തിരിക്കുന്ന ചെങ്കല്ലും  മണ്ണും പാകം ചെയ്യുമ്പോള്‍ ആവശ്യമില്ല)
2. കലത്തില്‍ മുക്കാല്‍ ഭാഗം വെള്ളമെടുക്കുക  (മുക്കാല്‍ ഭാഗം എന്ന് പറഞ്ഞാല്‍, ഏകദേശം കലത്തിന്റെ മുക്കാല്‍ ഭാഗത്തോളം  വരും)  
3. വെള്ളമുള്ള കലം അടുപ്പില്‍ വെച്ചു നല്ല തീയില്‍ ചൂടാക്കുക
4. വെള്ളം തിളയ്ക്കുമ്പോ കുറേശെയായി അരിയിടുക (വെള്ളം തെറിച്ചു കയ്യില്‍ വീണാല്‍ ബര്‍നോള്‍ പുരട്ടുക)
5. അരിയിട്ട വിധം ശരിയായിട്ടുണ്ടെങ്കില്‍ കലത്തിലേയ്ക്ക് നോക്കിയാല്‍ അരി വെള്ളത്തില്‍ തുള്ളിക്കളിക്കുന്നത്‌ കാണാം  (നോക്കുമ്പോ വെള്ളം തെറിച്ചു മുഖത്ത് വീണാല്‍ ബര്‍നോള്‍ പുരട്ടുക)
6. ഇനി ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം ഈ കലത്തിലേയ്ക്ക് നോക്കിയിരിക്കുക. ഈ സമയത്ത് നിങ്ങള്ക്ക് ബോറടി മാറ്റാന്‍ നേരത്തെ കരുതിയ മനോരമ വാരിക വായിക്കാവുന്നതാണ്.
7. കുറെ നേരം കഴിയുമ്പോള്‍, ഒരു പതയോടെ കലതിനുള്ളിലുള്ള  സാധനങ്ങള്‍ പുറത്തേയ്ക്ക് ഒഴുകുന്നത്‌ കാണാം. ചോറ് വേവായി എന്നതിന്റെ ലക്ഷണമാനത്.
8. കൈക്കല തുണി കൂട്ടി കലം അടുപ്പില്‍ നിന്നു മാറ്റുക (മാറ്റുമ്പോള്‍ കയ്യ് പൊള്ളിയാല്‍ ബര്‍നോള്‍ പുരട്ടുക). 
9. കലതിലുള്ള സാധനങ്ങള്‍   അടിയില്‍ ഓട്ടയുള്ള പാത്രത്തിലേയ്ക്ക് മാറ്റുക. കലത്തില്‍ അധികമുള്ള വെള്ളം (ഇതിനു ചിലയിടങ്ങളില്‍ കഞ്ഞി വെള്ളം എന്ന് പറയും) ഒലിച്ച് പോവുകയും ചോറ് അടിയില്‍ കിടക്കുകയും ചെയ്യും.   
10. ഈ ചോറ് ഉടനെ തന്നെ ഒരു തവി കൊണ്ടു ഒരു കാസറോളിലെയ്ക്ക്‌  മാറ്റിയാല്‍ ചൂടാറാതെ സൂക്ഷിക്കാവുന്നതാണ്. 

ഈ വിഭവം, ചില്ലി ചിക്കന്‍, ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ഗോബി മന്‍ജൂരിയന്‍, ചിക്കന്‍ കോര കോര, ഫിഷ്‌ മോളി, ഫിഷ്‌ സ്ടഫ്ദ്, പാസ്ത ഡി കൊസ്റെല്ലോ, ബീഫ് ഉലര്‍ത്തിയത്  തുടങ്ങിയ അന്താരാഷ്‌ട്ര വിഭവങ്ങളുടെ കൂടെയും , പയര്  തോരന്‍, ചക്കക്കുരു മാങ്ങ ചാറ്‌,  മോര് കറി, പടവലങ്ങ തോരന്‍, സാമ്പാറ്, ചമ്മന്തി തുടങ്ങിയ നാടന്‍ വിഭവങ്ങളുടെ കൂടെയും കഴിക്കാന്‍ അത്യുത്തമമാണ്.  ഈ വിഭവങ്ങള്‍ ഭര്‍ത്താവിനെക്കൊണ്ട്   അടുത്തുള്ള ഹോട്ടലില്‍ നിന്നു വാങ്ങിപ്പിക്കാവുന്നതാണ്. 

പൊടിക്കയ്കള്‍    
1. തലേദിവസത്തെ ചോറ് അല്‍പ്പം വെള്ളവും കൂട്ടി ഒരു മുളക് പൊട്ടിച്ചത് കൂട്ടി കഴിക്കാവുന്നത്. മലബാര്‍ ഭാഗത്ത്‌ ഇതിനു പഴങ്കഞ്ഞി എന്നാണു പറയുന്നത്. 
2. ചോറ് വാര്‍ക്കുമ്പോള്‍ കിട്ടുന്ന വെള്ളം കളയാതെ സൂക്ഷിച്ചാല്‍ വേനല്‍ക്കാലത്ത് നല്ലൊരു ദാഹശമനിയായി. 
3. അല്‍പ്പം ഉപ്പു ചേര്‍ത്താല്‍ ചോറിനു കൂടുതല്‍ രുചികിട്ടും
4. ഇത്രയൊക്കെയാണെങ്കിലും ഇതുണ്ടാക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിവതും ഹോട്ടലില്‍ നിന്നു കഴിക്കുന്നതാണ് നല്ലത്. 

ഈ വിഭവം നിങ്ങള്‍ക്കിഷ്ടമായി എന്ന് കരുതുന്നു. പ്രതീക്ഷിക്കുക അടുത്ത ലക്കം healthy foods സെക്ഷനില്‍ എന്റെ ഏറ്റവും പുതിയ റെസിപി : ചൂട് വെള്ളം.   

ആത്മഗതം: എന്നോടാ കളി. ഞാനാരാ മോന്‍!

7 comments:

 1. This comment has been removed by a blog administrator.

  ReplyDelete
 2. ഇതെന്തിരപ്പീ ...
  http://www.sangeethasangamam.com/t2451-topic

  ReplyDelete
 3. സംഗതി കൊള്ളം. പിന്നെ ഈ മുക്കാല്‍ മണിക്കൂര്‍ വേവ് എന്നത് കുറച്ചുകൂടെ കൂട്ടി പിന്നെ കുറച്ചു തേങ്ങ ചിരണ്ടിയതും കുറച്ചു ശര്‍ക്കരയും കൂടെ ഇട്ടാല്‍ ഏതാണ്ട് പായസം എന്ന് വിളിക്കാവുന്ന ഒരു ഉഗ്രന്‍ ഐറ്റം ആക്കിയെടുക്കാം.

  ReplyDelete
 4. “ചോർ”ആണെന്ന് പറഞ്ഞപ്പോഴേ മനസ്സിലായി ആണാണെന്ന് അല്ലെങ്കിൽ “കഞ്ഞി” ആവാൻ ആയിരുന്നു സാധ്യത.

  ReplyDelete
 5. Aara paranje penkuttikalkku phalitham vazhangilla ennu?

  ReplyDelete
 6. ഹോ ഭയങ്കരം തന്നെ സമ്മതിച്ചു ഒരു പെണ്‍ ശിങ്കം തന്നെ മുക്കാല്‍ മണിക്കൂര്‍ വേവിച്ചു ലെ അത് നന്നായി ........

  ReplyDelete

Related Posts Plugin for WordPress, Blogger...