ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Tuesday, 24 May 2011

ഒരു പീഡനകഥ
അടുക്കളയില്‍ ഒരലര്‍ച്ചയും, 'തടുകു പൊതിനോ' എന്ന് കനത്തില്‍ എന്തോ വീഴുന്ന ശബ്ദവും കേട്ടു പത്രം വായനയില്‍ മുഴുകിയിരുന്ന തോമാച്ചന്‍ ഓടിച്ചെന്നു. ധാ കിടക്കുന്നു വീണിതല്ലോ ധരിത്രിയില്‍ , പ്രിയതമ, പ്രാണപ്രേയസി മറിയാമ്മ. അരികില്‍  അന്തംവിട്ടു കുന്തംമറിഞ്ഞു നില്‍ക്കുകയാണ് ആറുവയസുകാരി അന്നക്കുട്ടി.

സിനിമേലെ നായിക ഗര്‍ഭിണിയാവുമ്പോള്‍  മാത്രം ബോധം കെടുന്നത്‌ കണ്ടു ശീലമുള്ള തോമാച്ചന് മനസ്സില്‍ ഒരു ലഡ്ഡു, ശേ, ഇടി വെട്ടി. സ്കൂളിലെ ഫീസോക്കെ ഇപ്പൊ എന്നതാന്നാ. ഒരാണും ഒരു പെണ്ണും ധാരാളം മതിയാരുന്നു. എന്നാലും ഇത്ര ഉത്തരവാദിതമില്ലാതായിപ്പോയല്ലോ എന്റെ മറിയാമ്മേ നിനക്ക് എന്ന് ചിന്തിച്ചു തോമാച്ചന്‍ താനറിയാതെ തന്നെ അഖില ലോക പുരുഷമൂരാച്ചികളുടെ ഗണത്തില്‍ എത്തിപ്പെട്ടു.  

ഒരുതരത്തില്‍ തോമാച്ചന്‍ മറിയാമ്മയെ പിടിച്ചിരുത്തി, ടാപ്പീന്നു ഒരു കപ്പു വെള്ളമെടുത്തു മുഖത്തോട്ടു ചാമ്പി. സിനിമയിലെ നായികയില്‍നിന്നും തികച്ചും വ്യത്യസ്തമായി ഹാ , ഹീ ഹോ തുടങ്ങിയ  പദപ്രയോഗങ്ങളോടെ  മറിയാമ്മ ബോധം വീണ്ടെടുത്തു.   മുന്നില്‍ നില്‍ക്കുന്ന അന്നക്കുട്ടിയെക്കണ്ടതും  ഒരലര്‍ച്ചയോടെ ദാ പോയി വീണ്ടും ബോധം. വര്‍ദ്ധിച്ചു വരുന്ന ജനപ്പെരുപ്പത്തെ താന്‍ ആളിക്കത്തിചുവല്ലോ  എന്ന കുറ്റബോധമല്ല   മറിയാമ്മയുടെ ബോധംകെടലിനു പിന്നിലെന്ന് തോമാച്ചന് ഒരു ഉള്‍വിളി തോന്നി.

എന്നതാടി കൊച്ചെ, എന്ന ഒണ്ടായെ? തോമാച്ചന്‍ അന്നക്കുട്ടിയോട്.

ഒന്നുമില്ലാരുന്നു, ചാച്ചാ. ചേട്ടായി എന്നെ പീഡിപ്പിച്ച കാര്യം പറഞ്ഞപ്പോഴാ അമ്മച്ചി വെട്ടിയിട്ടപോലെ വീണത്‌.

പത്തുവയസുകാരന്‍  ജോണിക്കുട്ടി അന്നക്കുട്ടിയെ പീഡിപ്പിച്ചെന്നോ. തന്റെ ബോധവും ഇപ്പോള്‍ പോകുമെന്ന് തോന്നി തോമാച്ചന്. 

എന്നാ എന്റെ മോളെ നീയീ പറേന്നത്‌? ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍വേണ്ടി   നെഞ്ചമര്‍ത്തിപ്പിടിചോണ്ട്  തോമാച്ചന്‍ ചോദിച്ചു.

അതെന്നു ചാച്ചാ. ചേട്ടായി എന്നെ വല്ലാതെ പീഡിപ്പിച്ചു. 

ഹെന്റെ കര്‍ത്താവേ?

അതെന്നു ചാച്ചാ.    ചേട്ടായീടെ ബലൂണ്‍ പൊട്ടിപ്പോയപ്പോ, എന്റേത് ചോദിച്ചു. കൊടുക്കുകേലാന്നു ഞാന്‍ പറഞ്ഞപ്പോ ചേട്ടായി എന്റെ കയ്പിടിച്ചു തിരിച്ചു പീഡിപ്പിച്ചിട്ടു  ബലൂണും  കൊണ്ടു ഓടിക്കളഞ്ഞു.

ബലൂണും കൊണ്ടു?

ഹാന്നു. എന്നെ പീഡിപ്പിച്ച കാര്യം പറഞ്ഞപ്പോ അമ്മച്ചി ദേണ്ടെ കിടക്കുന്നു താഴെ. എന്റെ ബലൂണ്‍ മേടിച്ചു താ ചാച്ചാ.

ഹോ. ഒരു ബലൂണ്‍ തട്ടിപ്പറിച്ചതിനാന്നോ  കൊച്ചെ പീഡിപ്പിച്ചെന്നു  പറഞ്ഞെ?

അല്ല. കയ്യെപ്പിടിച്ചു തിരിച്ചതിനു. അതിനല്ലേ ചാച്ചാ പീടിപ്പിക്കുകാന്നു പറേന്നത്‌?

എ ? ഹതെ. അതുപിന്നെ, അതെ, അത് തന്നെ. അതിനു തന്നെയാ കേട്ടോ മക്കളെ പീടിപ്പിക്കുകാന്നു പറയുന്നത്. എന്നാലും ഇനി ചേട്ടായി പീഡിപ്പിച്ചാല്‍ മോള് ആദ്യം ചാച്ചനോട് പറഞ്ഞാ മതി. അമ്മച്ചി പേടിതൊണ്ടിയല്ലേ. 

ശരി ചാച്ചാ.

വേറെ ബലൂണ്‍ വാഗ്ദാനം ചെയ്തു അന്നക്കുട്ടിയെ പറഞ്ഞയച്ചു തോമാച്ചന്‍ മറിയാമ്മയെ വിളിച്ചുണര്‍ത്തി. വീണ്ടും ബോധം പോകുന്നതിനു മുന്‍പ് പീഡനകഥയുടെ  വിശദാംശങ്ങള്‍ പറഞ്ഞു കേപ്പിച്ചു. 

ദേ  അതിയാനേ?
എന്തോ?
ഇനിയീ വീട്ടി പത്രോം വേണ്ടാ, ടീവീം വേണ്ടാ. ഇനിയൊരു പീഡനകഥകൂടി  കേട്ടാല്‍ ഞാന്‍ കാഞ്ഞുപോകും.

ഞാനും. ...

3 comments:

Related Posts Plugin for WordPress, Blogger...