ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Wednesday, 25 May 2011

പീഡനത്തിനു പകരം വെയ്ക്കാന്‍




പീഡനം. എന്തൊരു അഴകുഴളന്‍ അറുവഷളന്‍ വാക്കാണ്‌. കണ്ട അണ്ടനും അടകോടനുമെല്ലാം വേണ്ടിടത്തും വേണ്ടാതിടതുമെല്ലാം എടുത്തിട്ടലക്കി ഇപ്പോള്‍ പീഡനമെന്നു കേട്ടാല്‍  പേടിയാവുമെന്ന സ്ഥിതിയായി. പീഡനമെന്നാല്‍  'മറ്റേത്' എന്ന അര്‍ഥം മാത്രമായി. അവളെ പീഡിപ്പിച്ചു, ഇവളെ പീഡിപ്പിച്ചു, വയസിയെ പീഡിപ്പിച്ചു, കുട്ടിയെ പീഡിപ്പിച്ചു. എവിടെയും പീഡനം തന്നെ. ഒരു നാലഞ്ചു വര്ഷം മുന്‍പ് ഇവരെയൊക്കെ 'നശിപ്പിക്കുകയായിരുന്നു'. കണ്ട തന്തയില്ലാത്തവനൊക്കെ അനുവാദമില്ലാതെ മേത്ത് കേറി മേഞ്ഞിട്ടു പോയാല്‍ പെണ്ണു 'നശിച്ചു പോയി'. അവളെപ്പിന്നെ വീട്ടിലും നാട്ടിലും കേറ്റാനോക്കുകില്ല.  ചോറ് വളിച്ചു പോകുന്നതുപോലെ, കളിപ്പാട്ടം പൊട്ടിപ്പോകുന്നത് പോലെ, ഒരിക്കലും നേരെയാക്കാന്‍ പറ്റാത്തവിധത്തില്‍ അവള്‍ നശിച്ചു  പോകുകയാണ്. 'ദൈവത്തെയോര്‍ത്ത്‌ മുതലാളീ എന്നെ നശിപ്പിക്കല്ലേ' എന്ന് എത്ര സിനിമകളില്‍ അവള്‍ കേണു. 'ഞാന്‍ നശിച്ചുപോയി രാജേട്ട, രാജേട്ടന്റെ ഭാര്യയാകാന്‍ ഇനി ഞാന്‍ യോഗ്യയല്ല' എന്ന കുറ്റസമ്മതത്തോടെ എത്ര സിനിമകളില്‍ അവള്‍ ആത്മഹത്യ ചെയ്തു. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണിനോടു സമൂഹത്തിന്റെ കാഴ്ചപ്പാട് ഇതിലും നന്നായി വെളിവാക്കിയ ഒരു വാക്കില്ല. നശിച്ച വാക്ക്.
പിന്നെയെപ്പോഴോ അവള്‍ പീഡിതയായി. നശിപ്പിക്കലിനു പകരം പീഡിപ്പിക്കല്‍ നിലവില്‍ വന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല. നശിപ്പിക്കപ്പെടുന്നതിനേക്കാള്‍ ഭേദമാണ് പീഡിപ്പിക്കപ്പെടുന്നത്. പക്ഷെ നിരന്തരമായ ഉപയോഗം മൂലം (നാം കൊട്ടിക്ഹോഷിക്കുന്ന സംസ്കാരത്തിന്റെ ഫലം) പീഡനമെന്ന വാക്കിന്റെ അര്‍ത്ഥവും മാറുകയാണ്.  ഒരു നിസഹായ വ്യക്തിയുടെ ജീവിതം തന്നെ തകര്‍ക്കുന്ന ബലാല്‍സംഗം എന്ന ക്രൂരകൃത്യതിന്റെ കാഠിന്യം കുറച്ചു കാണിക്കുകയാണോ പീഡനമെന്ന വാക്ക് എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇപ്പോള്‍ പീഡനം ഒരു തമാശയായി മാറിയിരിക്കുന്നു. ബലാത്സംഗ വാര്‍ത്ത പത്രത്തില്‍ വായിക്കുന്ന വികല മനസുകളെ ഇക്കിളിപ്പെടുത്തുന്ന  ഒന്നായി  മാറിയിരിക്കുന്നു പീഡനമെന്ന വാക്ക്. വഴിയരികില്‍ നില്‍ക്കുന്ന കുട്ടിപ്പൂവാലന്മാര്‍ 'നിന്നെ ഞാന്‍ ഒന്ന് പീഡപ്പിക്കട്ടെ' എന്നൊരു പെണ്‍കുട്ടിയോട് ചോദിച്ചാല്‍ അത് വലിയ തമാശയാണ്. ഈ വാക്കും മാറേണ്ട സമയം കഴിഞ്ഞു.  

ഈ പ്രബുദ്ധ  കേരളത്തില്‍ ബലാത്സംഗങ്ങള്‍ തീര്‍ത്തും ഇല്ലാതാകാന്‍ നിലവില്‍ യാതൊരു ചാന്‍സും കാണാത്ത സ്ഥിതിയ്ക്ക്, ഞാനാലോചിച്ചിട്ട് ബലാല്‍സംഗതെ  റിപ്പോര്‍ട്ടു ചെയ്യാന്‍ 'ബലാല്‍സംഗം' എന്ന വാക്ക് തന്നെയാണ് ഏറ്റവും നല്ലത്. അറ്റ്‌ ലീസ്റ്റു 'അവന്‍ അവളെ ബലാല്‍സംഗം ചെയ്തു' എന്ന് വായിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് അവനോടു ഇത്തിരി വെറുപ്പെങ്കിലും തോന്നും. ചെയ്തവന് നാണക്കേടും. അല്ലാതെ പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞാല്‍ ഏതോ മഹാകാര്യം ചെയ്തെന്നേ അവനും നാട്ടുകാരും വിചാരിക്കൂ. 

ps: ഈ പോസ്റ്റിന്റെ പ്രചോദനം villageman ചേട്ടന്റെ ഒരു കമെന്റാണ്.

1 comment:

Related Posts Plugin for WordPress, Blogger...