ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Tuesday, 24 May 2011

അമേരിക്കക്കാരെ, ഫ്രാന്സുകാരെ ഞങ്ങളെക്കണ്ട് പഠിച്ചൂടെ?


ഈ അമേരിക്ക, അമേരിക്ക എന്ന് പറഞ്ഞാല്‍ എന്തോ മഹാ സംഭവമാനെന്നാണ് മുന്‍പൊക്കെ ഞങ്ങള്‍ ധരിച്ചു വെച്ചിരുന്നത്.  ലോകം ഭരിക്കുന്ന രാജ്യമല്ലേ. അമേരിക്കയിലെ ഹോട്ടലിലെ എച്ചില്‍ കഴുകുന്നവനാനെങ്കിലും സന്തോഷമായിട്ട് പെമ്മക്കളെ കെട്ടിച്ചുവിടുമായിരുന്നു ഞങ്ങള്‍.  എത്രയെത്ര അമേരിക്കന്‍ സംരംഭങ്ങളെ ഞങ്ങള്‍ പ്രോത്സാഹിപ്പിചിരിക്കുന്നു. കെ എഫ് സി, മാക്‌ ഡോനാല്ട്സ് ഇവയൊക്കെ വിജയിക്കാനായി, എത്രയെത്ര കോഴികളെ ഞങ്ങള്‍ തിന്നിരിക്കുന്നു. പരിതസ്ഥിതിയും ജലക്ഷാമവും പരിഗണിക്കാതെ എത്ര ലിറ്റര്‍ കോള കുടിച്ചിരിക്കുന്നു.  വീട്ടില്‍ അമ്മയുണ്ടാക്കുന്ന ചോറും കറിയും തിന്നാതെ എത്ര ബര്‍ഗറും ലെയിസും ഞങ്ങള്‍ വലിച്ചു കേറ്റിയിരിക്കുന്നു. ഇതൊക്കെ നിങ്ങളോടുള്ള ബഹുമാനം ഒന്ന് കൊണ്ടു മാത്രമായിരുന്നു. ഫ്രാന്സുകാരോടും ഞങ്ങള്‍ക്ക് ബഹുമാനമായിരുന്നു. സത്യം പറഞ്ഞാല്‍ വെളുത്ത തൊലിയുള്ള എല്ലാവരോടും ഞങ്ങള്‍ക്ക് ബഹുമാനമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ ഒരു പോക്ക് വെച്ചിട്ട്, തുടര്‍ന്ന് ബഹുമാനിക്കുന്ന കാര്യം ഞങ്ങള്‍ക്കൊന്നാലോചിക്കണം. 
അമേരിക്കയോടുള്ള ബഹുമാനത്തിനു ആദ്യമായി ഇടിവ് തട്ടിയത്, ഒരു പ്രസിഡന്റിനോട്   അവര്‍ കാണിച്ച ബഹുമാനക്കുറവു കണ്ടിട്ടാണ്. ലോകംഭരിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ്‌, വെറുമൊരു ഡൂക്കിലി പെണ്ണുമായിട്ടുള്ള  ഡിങ്കോള്‍ഫി കാരണം  നാണം കെട്ട് പുറത്തായില്ലേ. എന്തൊക്കെ പുകിലായിരുന്നു. ഞാനിവളെ അറിയുക പോലുമില്ല എന്ന് പ്രസിഡന്റ്‌ പറഞ്ഞിട്ട് പോലും വിട്ടില്ല. വിചാരണ, വീണ്ടു വിചാരണ, അവസാനം ഒരു ഡി എന്‍ എ യുടെ തുംബെല്‍തട്ടി അങ്ങോര്‍ പുറത്തു.    ഡൂക്കിലി പെണ്ണോ? അങ്ങോര്‍ പീഡിപ്പിച്ച കദനകഥ പറഞ്ഞു ജനലക്ഷങ്ങളുടെ ആരാധന പിടിച്ചു പറ്റി.  കാശായി, പ്രശസ്തിയായി, അവളായി, അവള്‍ടെ പാടായി.

ഇപ്പോഴിതാ ഫ്രാന്‍സും. അന്താരാഷ്‌ട്ര സാമ്പത്തിക എജെന്സിയുടെ തലവന്‍. അടുത്ത ഇലക്ഷനില്‍ രാജ്യത്തിന്റെ  പ്രസിഡന്റാകേണ്ടാവന്‍.വെറുമൊരു വേലക്കാരിപെണ്ണിനെ  പിടിച്ചകേസില്‍ അറസ്റ്റില്‍. മാനം പോയി, ജോലി പോയി. കാശും പോയി. വീട്ടുതടങ്കലിലും.  ഇക്കിളിക്കതയുടെ  വിശദാംശങ്ങള്‍ക്ക് വേണ്ടി വേലക്കാരിയെക്കാത്    പത്രങ്ങളും ടാബ്ലോയിടുകളും ക്യൂ നില്‍ക്കുകയാനെന്നാണ് കേട്ടത്. ഇനി കാശായി, പ്രശസ്തിയായി, അവളായി, അവള്‍ടെ പാടായി. ഇങ്ങനെ എത്രയെത്ര കഥകള്‍. എത്രയെത്ര കൊമ്പന്‍മാരാണ്  പെണ്ണ് കേസില്‍പ്പെട്ട് നാറി നാണംകെട്ടു ഒന്നുമല്ലാതായി തീര്‍ന്നത്.  ഇതോടെ തീര്‍ന്നു തിരുമേനീ, ഐ മീന്‍, വെള്ളക്കാരാ, നിന്റെ വെളുത്ത തൊലിയോടുള്ള ബഹുമാനം. 

ഒരു പീഡനക്കേസു  പോലും ഒതുക്കാന്‍ കഴിയാത്ത നിങ്ങളാണോ ലോകം ഭരിക്കാന്‍ പോവുന്നത്? പെണ്ണുങ്ങളെ എങ്ങനെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഞങ്ങ പറഞ്ഞു തരാം. പ്രബുദ്ധ കേരളത്തില്‍ പെണ്ണുങ്ങളുടെ ഈ വിളച്ചിലോന്നും നടക്കില്ല. ഇവിടേം നടക്കുന്നുണ്ട് പീഡനവും പീഡനശ്രമങ്ങളുമൊക്കെ. ഐസ്ക്രീമും കിളിരൂരും സൂര്യനെല്ലിയുമായി അങ്ങനെ, കേസെത്ര, കേസുകെട്ടെത്ര. എന്നിട്ട് എതെങ്കിലുമോരുത്തനെ  തൊടാന്‍ പെണ്ണുങ്ങള്‍ക്ക്‌ പറ്റിയോ? പീഡിപ്പിച്ചാല്‍ , പറ്റിയത് പറ്റി എന്നുമ്പറഞ്ഞ് മിണ്ടാതെയിരിക്കണം. അതാണ്‌ കുടുമ്മത് പിറന്ന പെണ്പില്ലേരുടെ ലക്ഷണം.  അല്ലാതെ, എന്നെ പീടിപ്പിച്ചേ എന്നും പറഞ്ഞു മോങ്ങിയാല്‍, ആദ്യം പത്രക്കാര് ഒരലക്കലക്കും. പിന്നെ കോടതി. ഈ ഡി എന്‍ എ ഒക്കെ ശരിക്കും ഒരു തെളിവാണോ ? ഇനി തെളിവുണ്ടെങ്കില്‍ തന്നെ അതങ്ങ് തേച്ചു മാച്ചു കളയാന്‍ ഇത്ര പാടുണ്ടോ? അവസാനം അവള് പണ്ടേ പിശകായിരുന്നെന്നൊരു സര്‍ടിഫികെറ്റും  കൊടുത്തു വീട്ടി വിടും. പിന്നെ നാട്ടുകാര് വിടുമോ, കവലേ നിന്നു കളിയാക്കല്, ഞാനൊന്ന് ഫ്രീയായിട്ട് പീഡിപ്പിചോട്ടെയെന്നു ചോദ്യം, മാന്യരുടെ വക പുച്ഛം, അങ്ങനെ കലാപരിപാടികളോത്തിരിയാ. ഒന്നുകില്‍ നാട്ടിലെ ആസ്താന വേശ്യയാവുക,  അല്ലെങ്കില്‍, നാടിനു ചീത്ത പേരുണ്ടാകാതെ ആത്മഹത്യ ചെയ്യുക. ഈ രണ്ടു ഓപ്ഷനെ ഞങ്ങള്‍ അവള്‍ക്കു കൊടുക്കൂ.  ഒട്ടു മിക്ക പെണ്ണുങ്ങളും രണ്ടാമത്തേത്‌ തിരഞ്ഞെടുക്കും.പീഡനകാര്യം പുറത്തു പറഞ്ഞിട്ട് ഒരു പെണ്ണും ഇവിടെ സന്തോഷത്തോടെ വാഴില്ല. വാഴാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങളും പത്രമായ പത്രം മുഴുവനും, വാരികയായ വാരിക മുഴുവനും അവള്‍ടെ പടം കൊടുക്കും. ജീവിത കഥ കൊടുക്കും. പക്ഷെ അതിനൊന്നും കാശ് കൊടുക്കില്ല. പടം കൊടുക്കാതിരിക്കാന്‍ കാശ് ഞങ്ങള്‍ ഇങ്ങോട്ട് വാങ്ങും. അതാണ്‌ ഞങ്ങള്‍.  ഒരു കൊമ്പനും ഈ നാട്ടില്‍ പെണ്ണുങ്ങള് കാരണം  ജോലി തെറിക്കില്ല, മാനം പോവില്ല.  അവരെയൊക്കെ ഞങ്ങള്‍ ഐസ്ക്രീം തിന്നുന്ന ലാഖവത്തോടെ  ഇലക്ഷന്‍ ജെയിപ്പിച്ചു വിടും, മന്ത്രിയാക്കും. 

ഇനി നിങ്ങ പറ, നമ്മളാണോ അവരാണോ മെച്ചം? ഒരു  പ്രസിഡന്റിനെപ്പോലും നന്നായി സംരക്ഷിക്കാന്‍ കഴിയാത്ത ഇവരെ ഇനി ബഹുമാനിക്കണോ? അവരടെ കോള കുടിക്കണോ? ബര്‍ഗര്‍ കഴിക്കണോ? അവര് വേണമെങ്കില്‍  നമ്മളെ കണ്ടു പഠിക്കട്ടെ. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...