ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday, 19 May 2011

സന്തോഷകരമായ ജീവിതത്തിനു ചില മാര്‍ഗ രേഖകള്‍ (പെണ്ണുങ്ങള്‍ക്ക്‌)




1. വീട്ടിലെ ജോലികളില്‍ ഭര്‍ത്താവിനെയും പങ്കെടുപ്പിക്കുക. ഭാര്യയും ഭര്‍ത്താവും ഒരു പോലെ വീട്ടുകാര്യങ്ങളില്‍ താല്പര്യം കാണിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യം വളര്‍ത്തും. രാവിലെ പുതപ്പു മടക്കിവെയ്ക്കുക, തലേന്നത്തെ പത്രം എടുത്തു വെയ്ക്കുക തുടങ്ങിയ ഭാരിച്ച പണികള്‍ അദ്ദേഹത്തിന് നല്‍കാം (ആണുങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യമുണ്ടല്ലോ). പാചകം, ക്ലീനിംഗ്, അലക്ക്, കുട്ടിയെനോക്കല്‍ തുടങ്ങിയ ചെറു ജോലികള്‍ മതി നിങ്ങള്‍ക്ക്.

2. ഭര്‍ത്താവ് വീട്ടില്‍ ചെയ്യുന്ന സഹായങ്ങള്‍ മനസറിഞ്ഞു അഭിനന്ദിക്കുക. അന്ഗീകരിക്കുന്നതും അഭിനന്ദിക്കുന്നതും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.  പുതപ്പ്‌ മടക്കി വെയ്ക്കുന്നതിന് പകരം അദ്ദേഹം തലയിണയുടെ അടിയില്‍ ചുരുട്ടി വെച്ചിരിക്കുകയാനെങ്കില്‍ 'എന്ത് മിടുക്കനാണെന്റെ ചേട്ടന്‍' എന്ന് പറഞ്ഞു ഒരു ചുംബനമാകാം. ഓര്‍ക്കുക, നിങ്ങളില്‍ നിന്ന് അദ്ദേഹമത് പ്രതീക്ഷിക്കുന്നുണ്ട്.

3. രാവിലത്തെ പത്രംവായന കഴിഞ്ഞു ചിന്താമഗ്നനായി അദ്ദേഹമിരിക്കുമ്പോള്‍, 'കറി ഇഷ്ടമായാരുന്നോ, കടുക് തീര്‍ന്നു പോയി, കുഞ്ഞിനു പനിയുണ്ട്‌' എന്നിങ്ങനെയുള്ള വിലകുറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു അദ്ദേഹത്തെ അലോസര (അലോരസ?) പ്പെടുത്താതെ ഒബാമയുടെ നയതന്ത്രങ്ങളെക്കുറിച്ചും  തകരുന്ന സ്റ്റോക്ക്‌ മാര്‍ക്കെറ്റിനെക്കുറിച്ചും   കൂലംകഷമായി ചര്‍ച്ചചെയ്യുക. തിരക്കുകള്‍ക്കിടയില്‍ പത്രംവായനയിലൂടെയോ ടി വി യിലൂടെയോ സമകാലിക പ്രശ്നങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ കല്യാണം കഴിക്കാത്ത സുഹൃത്തുക്കളോട് ചോദിച്ചു ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ അറിഞ്ഞു വെക്കുക. ഓര്‍ക്കുക, ഒരു ബുദ്ധിജീവിയെയാണ് അദ്ദേഹം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്‌. നിങ്ങള്‍ ആ ബുദ്ധിജീവിയാവുക.  

4. വൈകുന്നേരം അദ്ദേഹം ബാല്‍കനിയിലിരുന്നു  'എത്ര സുന്ദരമായ സായാഹ്നമാണിത്,  നീയിതോന്നും കാണുന്നില്ലേ' എന്ന് ചോദിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സ്നേഹത്തില്‍ പുളകം കൊണ്ട്, അലക്കുന്നത്‌ നിര്‍ത്തി അദ്ദേഹതോടോപ്പമിരുന്നു സുന്ദര സായാഹ്നം കാണുക. അലക്കുന്നത്‌ നിങ്ങള്‍ക്ക് എല്ലാവരുമുറങ്ങിയതിനു  ശേഷം രാത്രിയിലാവാമല്ലോ.   

സാധനങ്ങളെല്ലാം വീട് മുഴുവന്‍ നിരത്തിയിടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കില്‍ അത് പുറത്തുകാണിച്ചു   അദ്ധേഹത്തെ വിഷമിപ്പിക്കരുത്. ആണുങ്ങള്‍ക്ക് വളരെ ലോലന്റെ, ഐ മീന്‍, ലോലമായ മനസാനുള്ളത്.   സാധനങ്ങളെല്ലാം പെറുക്കിയെടുത്തു അതാതു സ്ഥാനത് വെച്ച ശേഷം നിങ്ങള്‍ക്ക് വേണമെങ്കില്‍ ബാത്ത് റൂമില്‍പ്പോയി  ടാപ്പ് ഓണ്‍ ചെയ്ത ശേഷം പത്തു മിനിട്ട് അലറാവുന്നതാണ്. ടെന്‍ഷന്‍ ശമിപ്പിക്കാന്‍ ഇതുപകരിക്കും. 

5. മകള്‍ കുസൃതി കാണിച്ചതിന് അയല്പക്കക്കാരി പരാതിയുമായി വരുമ്പോള്‍ ഭര്‍ത്താവില്‍നിന്നുള്ള  ശകാരം കൂടി ഒന്നും മിണ്ടാതെ കേള്‍ക്കുക. ഓര്‍ക്കുക, തെറ്റ് കാണിക്കുമ്പോള്‍  മകള്‍ നിങ്ങളുടേത് മാത്രമാണ്. അവള്‍ സ്കൂളില്‍ ഫസ്റ്റ് ആവുകയാണെങ്കില്‍ അവള്‍ അദ്ദേഹത്തിന്റെ മകളാണ്.  

6. നഖം വെട്ടുമ്പോള്‍ നെയില്‍ കട്ടെര്‍  തട്ടി അദ്ദേഹത്തിന്റെ കയ്യിലെ തൊലി പോയെങ്കില്‍ അദ്ദേഹത്തെ അന്ന് മുഴുവന്‍ വിശ്രമിക്കാനനുവദിക്കുക. സമയാസമയങ്ങളില്‍ ചായ, പഴം, പരിപ്പുവട എന്നിവ  കൊടുത്തു പരിപാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓര്‍ക്കുക, നിങ്ങളെപ്പോലെ കറിക്കരിയുമ്പോള്‍ വിരല്‍ അറ്റുപോയാലും മൈന്റാകാതിരിക്കാന്‍ അദ്ദേഹം പെണ്ണല്ല. 

7. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവന്നാല്‍ നന്നാക്കാനുള്ള അവകാശം അദ്ദേഹത്തിന് മാത്രമാണ്. അത് അദ്ദേഹം തോന്നുന്ന സമയത്ത് ചെയ്യും. സഹികെട്ട് നിങ്ങള്‍ മിക്സി അഴിച്ചു നോക്കിയാല്‍ 'അങ്ങനെയാണെങ്കില്‍ നീ സ്വന്തം   ഒണ്ടാക്കിക്കോ' എന്നാവും അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ അഭിമാനത്തെ വൃണപ്പെടുതരുത്. കാലാകാലങ്ങളിലായി സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഗ്രാഹ്യമില്ലെന്നുള്ളത് അന്ഗീകരിക്കപ്പെട്ട വസ്തുതയാണ്. അവനവന്റെ കുറവുകള്‍ സ്വയം അന്ഗീകരിക്കുക. 

8. അന്തിമമായി, ഫെമിനിസ്റ്റുകള്‍ എന്തും പറഞ്ഞോട്ടെ, (അവര്‍ക്കൊക്കെ എന്തുമാകാം) ഭര്‍ത്താവാണ് നിങ്ങളുടെ ജീവിതത്തിലെ കാണപ്പെട്ട ദൈവമെന്നു മനസിലാക്കുക.  ഭര്‍ത്താവിന്റെ സന്തോഷം, അത് മാത്രമായിരിക്കണം, നിങ്ങളുടെ ജീവിതത്തിലെ ഏക ലക്‌ഷ്യം. ഓര്‍ക്കുക, പ്രായോഗികതയല്ല, കാല്പനികതയാണ് ദാമ്പത്യത്തെ നിലനിര്‍ത്തുന്നത്.

5 comments:

  1. സ്വയം പരീക്ഷിച്ചു വിജയിച്ച കാര്യങ്ങളാണോ ഇതൊക്കെ

    ReplyDelete
  2. മായ,
    ഇതില്‍ പറഞ്ഞ പലകാര്യങ്ങളും ശരി തന്നെ, എന്നാ ചില കാര്യങള്‍ ശരിയല്ല , പ്രത്യേകിച്ചും വീട്ടിലെ സാധനങ്ങള്‍ കേടായാല്‍ നന്നാക്കുന്ന കാര്യം, മിക്സിയുടെ ഓവര്‍ ലോഡ്‌ സിച് ഒന്ന് പ്രസ്‌ ചെയ്യാന്‍ പതിമൂന്നു കിലോമീറ്റ്ര്‍ വണ്ടി ഓടിച്ചു വരേണ്ട ഗതികേടും, കൊച്ചിന്റെ കൈ മുരിഞ്ഞതിനു ഫോണ്‍ ചെയ്തു കരയുന്ന ഭാര്യമാരും ഈ ലോകത്ത് ഒക്കെ ഉണ്ടെന്നു ഓര്‍കകണം.

    ReplyDelete
  3. "Cavani made his debut for Manchester United postponed.>> Due to self-quarantine 14 days"

    ReplyDelete

Related Posts Plugin for WordPress, Blogger...