ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Wednesday, 18 May 2011

പച്ചതവളകള്‍ എവിടെ?
എന്റെ കുട്ടികാലം ഒരു ഗ്രാമത്തിലായിരുന്നു. ഒരു പാട് കവുങ്ങുകളും കൊക്കൊകളും കശുമാവും തെങ്ങുകളുമുള്ള ഒരു പറമ്പിന്റെ നടുവിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ താമസിച്ചു. പറമ്പിലൂടെ ഒരു ചെറിയ തോടൊഴുകുന്നു. അതില്‍ നെറ്റീക്കണ്ണനും  പരലും ഞണ്ടുകളും. പിടിക്കാന്‍ എളുപ്പമുള്ളതു നെറ്റീക്കണ്ണനെയാണ്. അത് തോടിന്റെ ഒഴുക്ക് കുറഞ്ഞ അരികുകളില്‍ പമ്മി നില്‍ക്കുകയെ ഉള്ളൂ. തോര്‍ത്തില്‍പ്പോലും  പരലിനെ പിടിക്കാന്‍ പ്രയാസമാണ്. അയലത്തെ കുട്ടന്‍ ചേട്ടന് പോലും.     

പറമ്പിന്റെ  മറ്റേ വശത്ത് ഒരു വലിയ പാറക്കെട്ട്. ഞങ്ങള്‍ കുട്ടികളുടെ വക ഒത്തിരി നാടകങ്ങള്‍ അരങ്ങേറിയ പാറക്കെട്ടാണത്. പറമ്പ് മുഴുവന്‍ കാട്ടുകൊന്നയും മുയല്ചെവിയനും  മറ്റു കാട്ടുപൂക്കളും. രാവിലത്തെ ഭക്ഷണം കഴിഞാല്‍ 'ടയിക്ക്' എന്ന വളര്‍ത്തു പട്ടിയുമോത്തു  ഞങ്ങള്‍ പറമ്പിലേക്ക് ഇറങ്ങുകയായി. ഉച്ചയൂണിനു അമ്മ വിളിക്കുന്നത്‌ കേട്ടാലും വീട്ടിലേയ്ക്ക് തിരിച്ചു വരാന്‍ മടിയാണ്. 

ആ പറമ്പ് ഒരു അദ്ഭുതലോകമായിരുന്നു.
ഒരുപാട് കിളികള്‍, ചിത്രശലഭങ്ങള്‍ , പച്ചവിട്ടിലുകള്‍ , പല നിറത്തിലും തരത്തിലുമുള്ള ഓന്തുകള്‍ , ഏതോ മോഡേണ്‍ ആര്‍ടിസ്റ്റ് കോറിവിട്ടതുപോലെ പല ചിത്രപ്പണികളില്‍ ഉള്ള വണ്ടുകള്‍ , കീരി , മുയല്‍ , തവളകള്‍ . പലതരത്തിലുള്ള തവളകള്‍. ചൊറിത്തവള, പച്ചത്തവള, മഞ്ഞതവള. അതെ, അതൊരത്ഭുത ലോകമായിരുന്നു. എന്റെ കുട്ടിക്കാലം മനസിലെ ഏറ്റവും നല്ല ഒര്മയാക്കിമാറ്റിയ   മായാലോകം.

വര്‍ഷങ്ങള്‍ക്കു ശേഷം ഈ മഹാനഗരത്തില്‍ മറ്റൊരു കുട്ടി. എന്റെ മകള്‍ . സ്കൂളിന്റെയും ഫ്ലാറ്റിന്റെയും  നാല് ചുവരുകള്‍ക്കുള്ളില്‍  അവളുടെ ജീവിതം. അവള്‍ക്കില്ല പൂക്കളും ചെടികളും തോടും. അവള്‍ക്കില്ല നെറ്റീക്കണ്ണനും വണ്ടും തവളകളും. വളര്‍ത്തുമൃഗങ്ങളെ വെയ്ക്കാന്‍ ഫ്ലാറ്റിന്റെ ഉടമസ്ഥന്റെ അനുവാദമില്ല. ലീലാമ്മ എന്ന പല്ലിയും അവളുടെ പിള്ളേരുമാണ്   എന്റെ കുഞ്ഞിന്റെ വളര്‍ത്തുമൃഗങ്ങള്‍. ടെലിവിഷനാണ് അവളുടെ മായാലോകം. ഒരു ചിത്ര ശലഭം പോലും അറിയാതെ പോലും ഞങ്ങളുടെ വീടിന്റെ  സൈഡില്‍ക്കൂടി വരുന്നില്ല. പച്ചത്തവളകള്‍ എവിടെ? കാശ്ച്ചബംഗ്ലാവില്‍പ്പോലും   ഒരു പച്ചത്തവളയില്ല. വളര്‍ന്നു വരുന്ന തലമുറയോട് ഞാന്‍ എന്ത് സമാധാനം പറയും? പച്ചത്തവളകള്‍ എവിടെ? 

1 comment:

  1. പച്ചത്തവളയെ മുഴുവന്‍ പിടിച്ചു ഫ്രൈ ആക്കി

    ReplyDelete

Related Posts Plugin for WordPress, Blogger...