ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday, 23 June 2011

ഓര്‍മ്മകള്‍ ഉറങ്ങട്ടെഒരു സര്ടിഫിക്കെട്ടിനു  വേണ്ടി പഴയ പെട്ടിയില്‍ തപ്പിയപ്പോഴാണു കോളേജിലെ ഓട്ടോഗ്രാഫ് ബുക്ക്‌ കയ്യില്‍ തടഞ്ഞത്. എന്റെ ജീവിതത്തിലെ ഒരു സുവര്‍ണ കാലഖട്ടത്തിന്റെ ബാക്കിപത്രമാണാ ബുക്ക്‌. ഓര്‍മ്മകള്‍ ചിത്രശലഭങ്ങളെപ്പോലെയാണ്. പല വര്‍ണങ്ങളില്‍ , വലിപ്പത്തില്‍ . മനസ്സില്‍ ഒരു പുഞ്ചിരി വിരിയിയ്ക്കാന്‍ കഴിയുന്ന ചിത്ര ശലഭങ്ങള്‍ . പക്ഷെ അല്പപായുസ്സുക്കള്‍ .  ബോര്‍ഡില്‍ , മൊട്ടുസൂചിയാല്‍ തടവിലാക്കപ്പെട്ട ചിത്ര ശലഭങ്ങളെയെന്ന  പോലെ, ഒരിയ്ക്കലും കയ്മോശം വരാതെ, ഓര്‍മകളെ തടവിലാക്കിയിരിയ്ക്കുകയാണതില്‍ . ആ താളുകള്‍ ഒന്ന് മറിയ്ക്കുകയെ വേണ്ടു, ഞാന്‍ പഴയ കോളേജ്  വിദ്യാര്തിനിയാവാന്‍. 

നാലു പേരായിരുന്നു ഞങ്ങള്‍ . ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ . ഊണും ഉറക്കവും  ഒരുമിച്ച്. സ്വപ്നങ്ങളും പ്രതീക്ഷകളും തല്ലുകൊള്ളിതരങ്ങളും വ്യഥകളും പങ്കു വെച്ച്. കണിശക്കാരിയായ ഹോസ്റ്റല്‍ വാര്‍ഡനോട് മല്ലടിച്ച്, എം എസ്  സി സര്ടിഫികെട്ടിന്റെ മഷി ഉണങ്ങും മുന്‍പേ ബി എസ് സി ക്കാര്‍ക്ക് സാറായി വന്ന ചെറുപ്പക്കാരനെ ചോദ്യശരങ്ങള്‍ കൊണ്ടു പൊറുതി മുട്ടിച്ച്, ഭീകരിയായ മിസ്സിനെ താടകയെന്നു ആദ്യവും പിന്നെ സ്നേഹം  മൂത്ത് തടുവെന്നു  ചെല്ലപ്പെരും വിളിച്ച്‌, ബോറിംഗ് ക്ലാസുകളില്‍ തുണ്ട് കടലാസില്‍ പരസ്പരം സന്ദേശങ്ങളയച്ച്,  ഒരാള്‍ പിടിയ്ക്കപ്പെട്ടാല്‍ നാലു പേരും കുറ്റം ഏറ്റെടുത്ത്, അങ്ങനെ മൂന്നു വര്ഷം. വിമെന്‍സ് കോളേജിന്റെ കനത്ത മതിലുകള്‍ക്കുള്ളില്‍ ഞങ്ങള്‍ സ്വന്തം സാമ്രാജ്യം സൃഷ്ടിച്ചു.   നാലു പേരുടെ ഗാന്‍ഗ്. കുഞ്ഞു കാര്യങ്ങള്‍ക്ക് പോലും ഒരുപാട് ചിരിച്ച നാളുകള്‍ .   ഓരോ സന്ദര്‍ഭങ്ങളിലും ബാക്കി മൂന്നു പേര്‍ ചിന്തിയ്ക്കുന്നതെന്തെന്നു പോലും തെറ്റില്ലാതെ ഊഹിയ്ക്കുവാന്‍ കഴിയുമായിരുന്നു എനിയ്ക്ക്. 

പഠനം തീര്‍ന്നു പിരിയേണ്ട സമയം വന്നപ്പോള്‍ ജീവിതത്തില്‍ എന്നേയ്ക്കുമായി പിരിയുകയില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എല്ലാ വര്‍ഷവും ഒരിയ്ക്കലെങ്കിലും തമ്മില്‍ കാണും. ക്ലാസുകളില്‍ പരസ്പരം അയച്ച സന്ദേശങ്ങള്‍ നാലായി ഞങ്ങള്‍ പകുത്തെടുത്തു. ഓട്ടോഗ്രാഫ്  ബുക്കില്‍ ഹൃദയം പകര്‍ന്നു വെച്ചു.

'മറ്റൊരമ്മയില്‍ പിറന്ന എന്റെ ഇരട്ടയാണ് നീ'.
പ്രിയ സുഹൃത്ത്‌ ഇങ്ങനെയെഴുതി.

വര്‍ഷങ്ങള്‍ക്കു ശേഷം നിറം മങ്ങിത്തുടങ്ങിയ ഓട്ടോഗ്രാഫിന്റെ താളുകള്‍ അലസമായി മറിച്ച് ഞാനാലോചിച്ചു. അവളെ കണ്ടിട്ട് എത്ര നാളായി. അവളോട്‌ സംസാരിച്ചിട്ടു എത്ര നാളായി. കോളേജിലെ കോണ്‍വോകെഷന്‍   കഴിഞ്ഞതില്‍പ്പിന്നെ അവളെ കണ്ടിട്ടില്ല. അടിയ്ക്കടി വിളിയ്ക്കുമായിരുന്നു ആദ്യമൊക്കെ. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ , എനിയ്ക്ക് എന്റെ ലോകം, അവള്‍ക്കു അവളുടെ ലോകം, എനിയ്ക്കും അവള്‍ക്കും ഒരു ലോകമില്ല എന്ന് ഞാന്‍ മനസിലാക്കി. 

വല്ലപ്പോഴുമുള്ള ഫോണ്‍വിളികള്‍  ജീവിതതിരക്കുകള്‍ക്കിടയില്‍ ഇല്ലാതെയായി. അവളുടെ ഫോണ്‍ നമ്പര്‍ എനിയ്ക്കറിയാം. മെയില്‍ ഐടി എന്റെ  കയ്യിലുണ്ട്. എന്നിട്ടും അവളോടൊന്ന് സംസാരിച്ചിട്ടു ഒത്തിരി നാളായി. അതിനു മാത്രം തിരക്കുണ്ടോ എനിയ്ക്ക്? ഉണ്ടെന്നു പറഞ്ഞാല്‍ അത് കളവാകും. 
ഭര്‍ത്താവിന്റെ സൌഹൃദങ്ങളെക്കുറിച്ചോര്‍ത്തു  നോക്കി. അദ്ദേഹം ഇപ്പോഴും പഴയ സുഹൃത്തുക്കളെ വിളിയ്ക്കുന്നു. അവര്‍ തിരിച്ചും. എന്ത് കൊണ്ടു എന്റെ സൌഹൃദങ്ങള്‍ക്ക് ഇത് സംഭവിച്ചു? ഇപ്പോള്‍ എനിയ്ക്കൊരു സുഹൃത്ത് സംഖമുണ്ട്. അവരും ഇത് തന്നെ പറയുന്നു. പഴയ കാല സൌഹൃദങ്ങള്‍ പരിപാലിയ്ക്കുന്നവര്‍ വളരെക്കുറവു. സ്ത്രീകള്‍ ബന്ധങ്ങളോളം വില സൌഹൃദങ്ങള്‍ക്ക് നല്കാതതാണോ കാരണം? തന്റെ കുഞ്ഞും കുടുംബവും കൊണ്ടു സ്ത്രീകള്‍ ത്രിപ്തരാനെന്നാണോ  ? അതോ മറ്റെന്തെങ്കിലും പരിമിതികളോ?  പുരുഷ സൌഹൃദങ്ങളുടെ എത്രയെത്ര ഉദാത്ത കഥകള്‍ സിനിമയും നോവലുകളുമായി.   സ്ത്രീ സൌഹൃദങ്ങളുടെ കഥകള്‍ എത്ര വിരളം. കാലാകാലത്തോളം നില നിലക്കുന്ന സ്ത്രീ സൌഹൃദങ്ങള്‍ ഇല്ലെന്നാണോ? 

സുഹൃത്തിനെ വിളിച്ചാലോ എന്ന് ഞാനാലോചിച്ചു. ചിത്ര ശലഭത്തിന്റെ മൊട്ടുസൂചി വലിച്ചൂരിയെടുത്തു കഴിയുമ്പോള്‍ അതിനു ജീവനില്ലെങ്കിലോ എന്ന് ഞാന്‍ ഭയന്നു. വേണ്ട. ഓര്‍മ്മകള്‍ സ്വസ്ഥമായി ഉറങ്ങട്ടെ.പുസ്തകത്താളിലും മനസിലും.  

24 comments:

 1. "ഓര്‍മ്മകള്‍ സ്വസ്ഥമായി ഉറങ്ങട്ടെ.പുസ്തകത്താളിലും മനസിലും."

  ഇത് വായിച്ചപ്പോള്‍ മനസിന്റെ കോണിലെവിടെയോ ഒരു വിഷമം..

  ReplyDelete
 2. സൌഹൃദങ്ങള്‍ തുടരുന്നതില്‍ പുരുഷന്‍ എപ്പോഴും മുന്നില്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

  സ്കൂള്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നല്ല ഒരു സുഹൃത്ത് വലയം സൂക്ഷിക്കുന്നതില്‍ ഉള്ള അഹങ്കാരവും കൂടി ഇത് പറയുമ്പോള്‍ ഉണ്ടെന്നു കൂട്ടിക്കോളു..

  നല്ല പോസ്റ്റ്‌ ..ആശംസകള്‍ ..

  ReplyDelete
 3. തണുപ്പ് കാലത്ത് കുളിക്കാനിറങ്ങാന്‍ മടിച്ച് കുളക്കരയില്‍ 
  നില്‍ക്കുന്നതുപോലെയാണ്. ഒന്നിറങ്ങി കഴിഞ്ഞാല്‍ തണുപ്പ്
  തീര്‍ന്നു. സൌഹൃദം പുതുക്കാന്‍ ശ്രമിച്ചു നോക്കൂ. ഇത്രയും
  കാലം പറയാനുള്ളതുമായി സുഹൃത്ത് എത്തും.

  ReplyDelete
 4. പഴയ ചങ്ങാതിമാരെ എനിക്കിപ്പോള്‍ ഭയമാണ്.
  അടിമുടി മാറിയിട്ടുണ്ടാവും. അവരും ഞാനും.
  എന്നിട്ടും വല്ല ഇടത്തും കാണുമ്പോള്‍ വല്ലാത്ത സന്തോഷം.
  പിന്നെ പഴയ കൂട്ട് പ്രതീക്ഷിക്കും.
  അന്നേരമറിയും പഴയ ഞങ്ങളല്ല ഇപ്പോഴെന്ന്.
  പിന്നെ അതൊരു ഭാരമാവും.
  ഇപ്പോള്‍ തോന്നുന്നു, ചില പ്രത്യക കാലാവസ്ഥകളില്‍,
  സാഹചര്യങ്ങളില്‍ മാത്രം വളരുന്ന
  സവിശേഷമായ ഒരു ചെടിയാണ് സൌഹൃദമെന്ന്.
  കാലവും സാഹചര്യവും മാറുമ്പോള്‍
  ആ ചെടിക്ക് നിലനില്‍ക്കാനേ കഴിയില്ല.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ചിന്തകള്‍ ഒര്മിപ്പിച്ചതുകൊണ്ട് ഒരു നീറ്റല്‍ ഒരു വിഷമം എവിടെയോ,

  ReplyDelete
 7. അന്നത്തെ സ്നേഹം (കൂട്ടുകാരോടുള്ളത് )
  ആത്മാര്‍ഥത ഇല്ലാത്തതായിരുനിരിക്കണം. അത് ഒരു ബഹളത്തിന്റെ കൂടിച്ചേരല്‍ മാത്രം. അത് കഴിഞ്ഞപ്പോള്‍ അതിന്റെ വിലയും പോയി
  നിങ്ങള്ക്ക് വേണ്ടി ചിന്തിച്ചിരുന്ന ഒരാളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും എഴുതേണ്ടി വരില്ലായിരുന്നു.

  ReplyDelete
 8. സ്ത്രീ സൌഹൃദങ്ങള്‍ പലപ്പോഴും അങ്ങനെയാണ്, ഭര്‍ത്താവ്‌, കുട്ടികള്‍, കുടുംബം ഇവയൊക്കെ ആവുമ്പോള്‍, (ഉദ്യോഗസ്ഥ കൂടി ആണെങ്കില്‍ പറയാനുമില്ല) സൌഹൃദങ്ങള്‍ പങ്കുവയ്ക്കാനും, പഴയവ പുതുക്കി കൊണ്ടുനടക്കാനുമുള്ള സമയവും സാഹചര്യങ്ങളും, മാനസികാവസ്ഥ തന്നെയും കുറെയേറെ നഷ്ടപ്പെടും. പുരുഷന്മാരെ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. ഉത്തരവാദിത്വങ്ങള്‍ പലപ്പോഴും ഒരു പരിധിയ്ക്കപ്പുറം ഭീകരമായി അവരെ പിടിച്ചുലയ്ക്കാറില്ല.

  ReplyDelete
 9. “എനിയ്ക്ക് എന്റെ ലോകം, അവള്‍ക്കു അവളുടെ ലോകം, എനിയ്ക്കും അവള്‍ക്കും ഒരു ലോകമില്ല എന്ന് ഞാന്‍ മനസിലാക്കി.”

  നല്ല വാക്കുകള്‍!!!

  ReplyDelete
 10. “ഹും! എന്തിനാ ഇതൊക്കെ; ഓട്ടോഗ്രാഫ് ഉണ്ടെങ്കിലേ നീയെന്നെ ഓര്‍ക്കൂ? എനിക്ക് നിന്നെ ഓര്‍ക്കാന്‍ ഇതിന്‍‌റെയൊന്നും ആവശ്യമില്ല” അന്നൊക്കെ കേട്ടിരുന്ന ഡയലോഗാണ് ഇത്. പക്ഷേ, അതോടുകൂടി മിക്കവരും ഓര്‍മ്മകളില്‍ നിന്ന് പോലും മായുന്നു, അപൂര്‍വ്വം ചിലര്‍ വീണ്ടും എങ്ങനെയൊക്കെയോ കണ്ടുമുട്ടിയാലായി.

  ചാണ്ടിച്ചായന്‍‌റെ ഒരു പോസ്റ്റിലെ വാചകം ഓര്‍മ്മ വന്നു
  “പഴയ സുഹൃത്തുക്കളെ കാണുമ്പൊ വളരെ സന്തോഷം
  അവര്‍ യാത്ര പറഞ്ഞ് പിരിയുമ്പോ അതിലേറെ സന്തോഷം“ ;)

  ആശംസകള്‍ മായാവി! :)

  ReplyDelete
 11. നല്ല പോസ്റ്റ്‌ മായാവീ... ഓരോരുത്തര്‍ക്കും അവരവരുടെ ലോകം മായയ്ക്ക് മായാലോകം :)

  ഞങ്ങള്‍ അഞ്ചു പേരുടെ ഗ്യാങ്ങായിരുന്നു കോളേജില്‍ പഠിത്തം
  കഴിഞ്ഞപ്പോള്‍ ഒരിക്കലും പിരിയില്ല എന്നൊക്കെ ഞങ്ങളും
  പറഞ്ഞിരുന്നു. പക്ഷെ അതില്‍ ഒരാളോട് മാത്രം ഇപ്പോഴും
  മെയില്‍ വഴിയും വല്ലപ്പോഴും ഉള്ള ഫോണ്‍ വിളികള്‍ വഴിയും
  സൌഹൃദം തുടരുന്നു... മറ്റുള്ളവര്‍ ഒക്കെ വിവാഹം കഴിഞ്ഞ ശേഷം ഒരു വിവരവും ഇല്ല...
  സ്ത്രീകള്‍ക്ക് വിവാഹ ശേഷം ഭര്‍ത്താവിന്‍റെ വീടാണ് സ്വന്തം
  വീടെന്നു പറയും പോലെ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളാണ് അവളുടെയും സുഹൃത്തുക്കള്‍ എന്നതാവാം ഇങ്ങനെ സംഭവിക്കാന്‍ കാരണം !!

  ReplyDelete
 12. @ sony :
  >>പുരുഷന്മാരെ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. ഉത്തരവാദിത്വങ്ങള്‍ പലപ്പോഴും ഒരു പരിധിയ്ക്കപ്പുറം ഭീകരമായി അവരെ പിടിച്ചുലയ്ക്കാറില്ല<<

  സഹോദരാ / സഹോദരീ..ഇത് സ്ത്രീകള്‍ക്ക് മാത്രം പതിച്ചു കിട്ടിയതൊന്നുമല്ല. പുരുഷന്മാര്‍ക്കും ഉണ്ട് ഇതുപോലുള്ള പ്രശ്നങ്ങള്‍.കുറഞ്ഞ പക്ഷം ഒരു ഭൂരിഭാഗതിനെങ്കിലും.( എക്സെപ്ഷന്‍സ് ഉണ്ടാവാം ) ഉത്തരവാദിത്തങ്ങള്‍ മറക്കുന്നവര്‍ ഒരു ചെറിയ ശതമാനം മാത്രം.

  സുഹൃത്ത് ബന്ധങ്ങള്‍ നില നിര്‍ത്തുന്നത് തീര്‍ച്ചയായും ഒരു കഴിവ് തന്നെ ആണ്..

  ReplyDelete
 13. കമെന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി. നഷ്ട സൌഹൃദങ്ങള്‍ ഒരു നീറ്റലായി നിങ്ങളില്‍ പലരുടെയും മനസിലുണ്ട് എന്നാണു കമെന്റുകള്‍ കണ്ടിട്ട് തോന്നിയത്.

  @ഒരില വെറുതെ: താങ്കള്‍ പറഞ്ഞത് എത്ര സത്യം.

  ലിപി, സോണി, സ്ത്രീകളായത് കൊണ്ടു നിങ്ങള്ക്ക് എന്റെ വികാരങ്ങള്‍ കുറച്ചു കൂടെ നന്നായി മനസിലായെന്നു തോന്നി.

  ReplyDelete
 14. "ഓര്‍മ്മകള്‍ സ്വസ്ഥമായി ഉറങ്ങട്ടെ.പുസ്തകത്താളിലും മനസിലും." പറഞ്ഞത് ശരിയാണ്... കോളേജിനു പുറത്തിറങ്ങി കഴിഞ്ഞാല്‍ പലര്‍ക്കും പണ്ടത്തെ പോലെ പെരുമാറാന്‍ കഴിയണം എന്നില്ല.. അതാരുടെയും കുറ്റമല്ല.. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മള്‍ക്ക് priority പലതായിരിക്കുമല്ലോ.. ചിലത് നമ്മള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും..

  ReplyDelete
 15. പൊതുവായ താത്പര്യങ്ങലാണ് സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്.പഠിക്കുമ്പോള്‍ അതുണ്ട്.പിരിഞ്ഞു കഴിഞ്ഞാല്‍ നാലും നാലുവഴി.ഒരേ ഫീല്‍ടിലാണ്, തുടര്‍ന്നത് എങ്കില്‍ ഒരു പക്ഷെ (?) സൌഹൃദം തുടര്‍ന്നേനെ.പക്ഷെ നമ്മുടെ സാമൂഹ്യ(അ)ക്രമത്തില്‍ സ്ത്രീക്ക് സ്വോന്തമായുള്ള സൌഹൃദങ്ങള്‍ക്ക് വലിയ ഭാവിയില്ല.അത്‌ ഷോകാസില്‍ വെച്ച് താലോലിക്കാനെ മിക്കവര്‍ക്കും പറ്റു.

  ReplyDelete
 16. ഗ്രാമീണ മനുഷ്യാ, താങ്കള്‍ എന്നെ വിടാന്‍ ഭാവമില്ല അല്ലെ? സ്ത്രീപക്ഷചിന്തകള്‍ തീരെ സഹിക്കുന്നില്ല അല്ലെ?

  ReplyDelete
 17. നിലനില്‍ക്കുന്ന സൌഹൃദങ്ങള്‍ എന്നും വിലപ്പെട്ടതാണ്‌ , അതില്‍ ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടോ ?

  ReplyDelete
 18. സോണിയോട് എന്നല്ല..ഏതെങ്കിലും അഭിപ്രായങ്ങള്‍ തെറ്റ് എന്ന് തോന്നിയാല്‍ അത് എവിടെയും പറയാറുണ്ട്..ചിലപ്പോള്‍ എന്റെ അഭിപ്രായം തെറ്റാവാം. പക്ഷെ അത് പറയുമ്പോള്‍ ശരി എന്ന് ഉത്തമ ബോധ്യത്തോടെ ആണ് പറയുന്നതെന്ന് മനസ്സിലാക്കുക.

  സ്ത്രീ പക്ഷ ചിന്തകള്‍ എന്ന് പറയുന്നത് തന്നെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം..മനുഷ്യപക്ഷതു നിന്ന് ചിന്തിക്കു!
  തുല്യ അവകാശം എന്നത് ന്യായമായ കാര്യം. അത് പോലെ തന്നെ അല്ലെ തുല്യ ഉത്തരവാടിട്ത്വവും ?

  സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരോട് എനിക്ക് ഒന്ന് ചോദിക്കാനുണ്ട് ..സ്ത്രീക്ക് എന്തില്‍ നിന്നാണ് സ്വാന്തന്ത്ര്യം വേണ്ടത് ? തുല്യ അവകാശത്തിനു വേണ്ടി വാദിക്കു..അതില്‍ ഒരു ശരി ഉണ്ട്.

  ReplyDelete
 19. സ്വാതന്ത്ര്യത്തെപ്പറ്റി ഞാന്‍ ഒന്നും പറഞ്ഞില്ല. സമത്വത്തിനു പോലും ഞാന്‍ വാദിക്കാറില്ല. കാരണം ഞാന്‍ ഒരു ഫെമിനിസ്റ്റ്‌ അല്ല. പിന്നെ തുല്യ ഉത്തരവാദിത്വത്തെപ്പറ്റി... താങ്കളോട് പലതും പറയാനുണ്ട്. പിന്നീടൊരിക്കല്‍ ആവട്ടെ.

  ReplyDelete
 20. oru vishamam ithu vayichappo..good one!

  ReplyDelete
 21. എന്തിനാ സോണി പിന്നത്തേക്ക് ആകുന്നെ...കല്‍ ഹോന ഹോ എന്നല്ലേ മഹാകവി.....പാടിയെക്കുന്നെ :)

  ReplyDelete
 22. Better late than never എന്നല്ലേ? ഭൂമി ഉരുണ്ടതായതുകൊണ്ട് (ബൂലോകവും) വീണ്ടും എവിടെയെങ്കിലുമൊക്കെ വച്ച് കാണുമല്ലോ. അടിയുടെ കാര്യത്തില്‍ ആയിരുന്നാല്‍ പോലും ഒരു പ്രതീക്ഷ ഉള്ളത് എപ്പോഴും നല്ലതല്ലേ? നാളെയുടെ കാര്യത്തിലും.... ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്, താങ്കളും അങ്ങനെ ആയിരിക്കുക, എപ്പോഴും.

  ReplyDelete
 23. ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞ ഓരോരുത്തരും ദീര്‍ഘമായിട്ടൊന്നു നിശ്വസിചിട്ടുണ്ടാകും. ജീവിതം നമുക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷെ, നമ്മള്‍ വാഗ്ദാനങ്ങള്‍ നല്‍കി; സത്യങ്ങള്‍ ചെയ്തു... ചിലര്‍ പറഞ്ഞു അവരുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം നാമാണെന്ന്... ചിലര്‍ പറഞ്ഞു എന്നും കൂടെയുണ്ടാകുമെന്ന്... ചിലര്‍ പറഞ്ഞു അവരുടെ അവസാന ശ്വാസം വരെ നമ്മെ സ്നേഹിക്കുമെന്നു... കല്ലു വച്ച നുണ!!!എല്ലാം വെറുതെയായിരുന്നു എന്ന് പിന്നീട് തോന്നും. എങ്കിലും ഈ കൊച്ചു കൊച്ചു നുണകളാണ് പലപ്പോഴും, പല സാഹചര്യങ്ങളിലും. നമ്മെ മുന്നോട്ടു കൊണ്ടുപോകാറുള്ളത്......
  i'm reminded of my story...
  http://crazyanu90.blogspot.com/2010/10/chispa.html

  ReplyDelete

Related Posts Plugin for WordPress, Blogger...