ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Wednesday, 22 June 2011

കൊച്ചി ബാംഗ്ലൂര്‍ ആയാല്‍ .


കേരളമെന്ന ദൈവത്തിന്റെ സ്വന്തം  നാടിനെ അതിന്റെ സകല സാംസ്കാരിക തനിമയോടും കൂടെ നിലനിര്‍ത്തണമെന്ന വാശിയുള്ള സാംസ്കാരിക നായകന്മാര്‍ കൊച്ചിയിലുന്ടെന്നു ഇന്നത്തെ പത്രത്തില്‍ വായിച്ചറിഞ്ഞു.  രാത്രി ഡ്യൂടിയ്ക്ക്  ഐ ടി അനുബന്ധ സ്ഥാപനതിലെയ്ക്ക് പോകാന്‍ സുഹൃത്തായ യുവാവ്നോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചു മലയാള സംസ്കാരം  തകര്‍ക്കാന്‍ ശ്രമിച്ച    തസ്നി ബാനു എന്ന  യുവതിയെ ചില സാംസ്കാരിക നായകന്മാര്‍ തടയുകയും കൊച്ചിയ്ക്ക് ചീത്തപ്പെരുണ്ടാക്കി  വെയ്ക്കരുതെന്നു നല്ല ഭാഷയില്‍ ഉപദേശിയ്ക്കുകയും ചെയ്തു.
കൊച്ചിയെ ബാംഗ്ലൂരാക്കാന്‍ സമ്മതിയ്ക്കില്ല എന്നവര്‍ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും കാര്യം മനസിലാക്കി  പശ്ചാതപിയ്ക്കാന്‍  തയാരാകാതിരുന്ന ബാനുവിനെ കേരള സംസ്കാരത്തിന് വേണ്ടി ഒന്ന് കാരണത്തടിയ്ക്കേണ്ടി വന്നു ഒരു നായകന്. അതില്പ്പോള്‍ പെങ്കൊച്ചു കേസാക്കിയിരിയ്ക്കുകയാണ്. ഇവളുമാര്‍ക്കൊന്നും നല്‍വഴി ചൂണ്ടിക്കാണിച്ചാല്‍ മനസിലാവില്ലേ എന്റെ അഴിക്കോട് ഭഗവതി!!! 

പോലീസ് ഈ കേസ് എന്തിനു ഏറ്റെടുത്തു എന്നാണെനിയ്ക്കു മനസിലാകാത്തത്. മുഖ്യനും ഇടപെട്ടിട്ടുണ്ടത്രേ. ചെറിയൊരു രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഷ്ട്രീയക്കാര്‍ എന്തും ചെയ്യും എന്നതിന് വേറെ തെളിവ് വേണോ? കേരള സംസ്ക്കാരം നശിച്ചു പോയാല്‍ അവര്‍ക്കൊന്നും ഒന്നുമില്ലല്ലോ.  ബാന്ഗ്ലൂരുകാര്‍ എന്ത് തോന്യാസം കാണിച്ചാലും അതെല്ലാം പരിശുദ്ധ പാവന കൊച്ചിയിലും കാണിയ്ക്കാംഎന്നു വിചാരിയ്ക്കുന്നവളുമാരെ അടിയ്ക്കണം. പോരാ, ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങളില്‍ കാണുന്നത് പോലെ തുണിയുരിച്ചു റോട്ടില്‍ക്കൂടി   നടത്തണം. ഇത് ബാന്ഗ്ലൂരല്ലാത്തത് കാരണം തുണിയില്ലാതെ റോഡില്‍ക്കൂടി നടന്നാല്‍ ആരും നോക്കുക പോലുമില്ല.     

മലയാളി എന്ന നിലയില്‍ ഈ സംഭവം വായിച്ച് ഞാന്‍ പുളകം കൊണ്ടിരിയ്ക്കുകയായിരുന്നു. മലയാളം പേപ്പര്‍ വായിച്ച് ടയിംസ് ഓഫ്   ഇന്ത്യയിലേയ്ക്ക് നീങ്ങിയപ്പോള്‍, അവിടെയുമുണ്ട് ഈ വാര്‍ത്ത (പത്രങ്ങളുടെ അധപതനം!). വാര്‍ത്തയ്ക്കു ശേഷമുള്ള ചില കമെന്റുകള്‍ വായിച്ചപ്പോള്‍ എന്റെ ചങ്ക് തകര്‍ന്നു പോയി. മലയാളികളെപ്പോലെ കപടസദാചാര  വാദികളും അധപതിച്ചവരും വേറെയില്ലെന്നാണ് ചില വഷളന്മാര്‍  എഴുതി വെച്ചിരിയ്ക്കുന്നത്. കൊച്ചിയെ ബാംഗ്ലൂരിനോട് താരതമ്യപ്പെടുത്തുന്നത്  ബാംഗ്ലൂരിന് അപമാനമാത്രേ.  അവിടെയുള്ള മുഴുവന്‍ തലതെറിച്ച പെണ്ണുങ്ങളും മലയാളികളാണെന്നാണ്   അവര്‍ പറയുന്നത്. കേരളത്തിനകത്ത്‌ പൂച്ചക്കുട്ടികളെപ്പോലെ നടന്നിട്ട്  ബാംഗ്ലൂരില്‍ ചെന്ന് അവളുമാര്‍ അഴിഞ്ഞാടുകയാത്രേ.  അത് പോലെ ആ ദേശത്തുള്ള മുഴുവന്‍ പെമ്പില്ലെരേം പിഴപ്പിയ്ക്കുന്നത് നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ, ഞായറാഴ്ച മുടങ്ങാതെ പള്ളിയില്പ്പോകുന്ന, മൂന്നു നേരെം നിസ്കരിയ്ക്കുന്ന  നമ്മടെ തങ്കം പോലത്തെ മലയാളിപ്പയ്യന്മാരാത്രേ. പിഴപ്പിച്ചു കഴിഞ്ഞ് ഒഴിപ്പ്യ്ക്കുന്നതിനുള്ള കാശും കൊടുത്തു മുങ്ങുന്നതല്ലാതെ ഒരുതിയേം അവന്മാര്‍ കെട്ടാറില്ലത്രേ.

ഈ വാര്‍ത്ത കേട്ടു എന്റെ രക്തം തിളച്ചു. കേരള സംസ്കാരത്തെ തൊട്ടു കളിയ്ക്കാന്‍ മാത്രം അവന്മാര്‍ വളര്‍ന്നോ?  അടിച്ചു  അവന്മാരുടെ പല്ല് തെറിപ്പിചില്ലെങ്കില്‍ പിന്നെ സംസ്കാരിയായ മലയാളി എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം? അത് കൊണ്ടു ഞാന്‍ കൊച്ചി പോലീസിനോട്  അഭ്യര്‍തിയ്ക്കുകയാണ്. കൊച്ചിയിലെ ആ സാംസ്കാരിക നായകന്മാരെ രണ്ടു ദിവസത്തേയ്ക്ക് ഒന്ന് ബാംഗ്ലൂരിന് വിടണം. അവര്‍ പോയി ആ ചെറ്റകളെ സംസ്കാരം പഠിപ്പിച്ചിട്ടു വരട്ടെ. ഹല്ല പിന്നെ.

(മലയാളിപ്പെങ്കുട്ടികളുടെ   ഐശ്വര്യം കാണിയ്ക്കാന്‍ വേണ്ടി കാവ്യാ മാധവന്റെ പടം കൊടുതെന്നെയുള്ള്. അതിനാരും   ദുരര്‍ത്ഥം കാണേണ്ടാ.)


15 comments:

 1. കൊച്ചിയെ സംസ്കരിച്ചേ അടങ്ങൂ എന്നാണൊരു കൂട്ടര്‍. സംസ്കരിക്കട്ടെ. അവരെ ബാംഗളൂരിലും മംഗലാപുരത്തും വിട്ട് ഹയര്‍ ട്രെയിനിംഗ് കൊടുക്കേണ്ടതാണ്. സ്ഥലം എമ്മെല്ലേ ഏറ്റെടുത്തപ്പോഴാണ് യേമാന്‍മാര് കേസാക്കാന്‍ തുനിഞ്ഞതെന്നാണറിഞ്ഞത്.

  ReplyDelete
 2. കൊച്ചി കണ്ടവനച്ചി വേണ്ട...
  കൊച്ചീലച്ചിയെ കൊണ്ടുനടന്നവന് പിച്ചും മാന്തും, അച്ചിയ്ക്ക് തല്ലും...
  തല്ലിയ പാര്‍ട്ടി അവളുടെ മുറച്ചെറുക്കനോ മറ്റോ ആയിരുന്നോ എന്ന് അന്വേഷിച്ചോ?

  ReplyDelete
 3. ഇത്രയെങ്കിലും പറഞ്ഞില്ലങ്കിൽ കടുത്ത നീതികേടാകും.

  ReplyDelete
 4. തസ്നി ബാനുവിനു അത്യാവശ്യം ധൈര്യം ഉള്ളതുകൊണ്ട് ഇത് ചാനലില്‍ തുറന്നു പറഞ്ഞു..മാനക്കേട്‌ പേടിച്ചു ഇതൊക്കെ ആരോടും പറയാതെ എന്തോരം സ്ത്രീകള്‍ തങ്ങളുടെ വിധിയെ ശപിച്ചു ജീവിക്കുന്നുണ്ടാകും ? സംഭവം കഴിഞ്ഞു ഒന്നര ദിവസം കഴിഞ്ഞാണ് പോലും നമ്മുടെ പോലീസിനു കേസെടുക്കാന്‍ ടൈം കിട്ടിയുള്ളൂ പോലും !!

  ReplyDelete
 5. ഞാന്‍ കണ്ടടത്തോളം തോന്നുന്നത്...ബാംഗ്ലൂര്‍ കേരളത്തേക്കാള്‍ ഭേദം ആണെന്നാ. ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ വിരളം ആണ്.. (അക്രമങ്ങള്‍ ഇല്ല എന്നല്ല പറയുന്നത്. ). നാട്ടില്‍ പോകുമ്പോള്‍ സത്യം പറഞ്ഞാല്‍ റോഡിലൂടെ വീട്ടുകാരുമായി നടക്കുമ്പോള്‍ പേടിയാണ് .

  ReplyDelete
 6. തസ്നി ബാനുവിനു ധൈര്യമുള്ളതു കൊണ്ട് രക്ഷപ്പെട്ടു....
  പിന്നെ നമ്മടെ തങ്കം പോലത്തെ മലയാളിപ്പയ്യന്മാരുടെ
  ലീലാവിലാസങ്ങള്‍ ബാംഗ്ലൂര്‍ക്കാര്‍ക്ക് നന്നായി അറിയാം :))

  ReplyDelete
 7. ഈ സദാചാരം എന്ന് പറയുന്നത് തന്നെ ഒരു തരം ഹിപ്പോക്രസി ആണ്. "എനിക്ക് പറ്റാത്തത് നിനക്കോ?" എന്നാ അസഹിഷ്ണതയാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ആധാരം.

  ReplyDelete
 8. ന്തായാലും ബാഗ്ലൂര്‍ അവിടെ ഉണ്ടായതിനാല്‍ കേരള ഇനി ബാഗ്ലൂര്‍ ആവില്ലാ
  പക്ഷെ കേരളിയര്‍ക്ക് ബാഗ്ലൂരി ആവാം , കാരണം ബാഗ്ലൂര്‍ അവിടതെന്നെ ഉണ്ടല്ലോ
  അല്ലേ?

  ReplyDelete
 9. അര്‍ത്ഥ രാത്രി ഒരു പെണ്‍കുട്ടി ജോലിക്ക് പോയാല്‍ എന്താണ് കുഴപ്പം? അത് കൊണ്ട് ഏത് മലയാള സംസ്കാരമാണ് ഇടിയാന്‍ പോകുന്നത്? നമ്മുടെ ഭരണ ഘടന പ്രകാരം ഏതൊരു പൌരനും സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്. താങ്കള്‍ ഏതു അടിസ്ഥാനത്തിലാണ് കാരണത്തടിച്ചതിനെ ന്യായീകരിച്ചത്? പിന്നെ ഈ സംസ്കാരം തീരുമാനിക്കുന്നത് കുറച്ചു പേര്‍ മാത്രം ചെര്‍ന്നല്ലല്ലോ. ഇതൊക്കെ താലിബാനിസം എന്ന് വിളിക്കേണ്ടി വരും.

  ReplyDelete
 10. സദാചാരക്കാര്‍കണ്ണൂരിലൊക്കെ പിന്നെ പണ്ടേ ആക്റ്റീവ് ആണല്ലോ. കഴിഞ്ഞയാഴ്ച ഒരു വനിതാ CI യെയും പുരുഷ SI യെയും വളഞ്ഞു പിടിച്ചാണ് സദാചാരം കാത്തു സൂക്ഷിച്ചത്. ഇവരൊക്കെ കണ്ണിലെണ്ണയോഴിച്ചു കാത്തു സൂക്ഷിക്കുന്നത് കൊണ്ട് കൊള്ളാം. ഇല്ലായിരുന്നെങ്കില്‍ എന്തായേനെ സദാചാരത്തിന്റെ അവസ്ഥ!!!

  ReplyDelete
 11. DKD ഈ പോസ്റ്റ്‌ വായിച്ചിട്ടാണോ ചോദിച്ചതു!!!!?

  ReplyDelete
 12. നന്നായി മായാവി. പ്രതികരിക്കാതിരുന്നതു കൊണ്ടു ഇതൊന്നും ഇല്ലാതാവില്ല- വ്യക്തിസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനു ഇവന്മാരെയൊക്കെ പിടിച്ചു അകത്തിടുകയാണു വേണ്ടത്. ചാവക്കാടു ഷമ്സുദ്ദീന്‍ പോലീസിന്റെ ആരാധകര്ക്കു ഇതിനെ പറ്റി എന്താ പറയാനുള്ളതാവോ ? പലരും പറയാറുണ്ട്, പടിഞാറന്‍ രാജ്യങള്‍ ആകെപാടെ സദാചാരമില്ലാത്തതിനാല്‍ നശിച്ചു പോയെന്ന് - പെണ്ണുങള്ക്കു പേടിയില്ലാതെ പുറത്തിറങി നടക്കാന്‍ പറ്റുന്നതും , സാരിയൊന്നു മാറിയെന്നു വച്ചൂ കഴുകന്‍ കണ്ണുകല്‍ പിന്തുടരാത്തതും , ഒരാണും പെണ്ണും സമ്സാരിച്ചാലുടന്‍ സദാചാരപോലീസു പിന്തുടരാത്തതുമൊക്കെയാണു സദാചാരമില്ലായ്മയുടെ പുതിയ ഡെഫനിഷന്‍ നമുക്കിപ്പോള്.

  ReplyDelete
 13. കമെന്റുകള്‍ക്കു നന്ദി.

  നാമെല്ലാവരും ഒരുപോലെ ചിന്തിയ്ക്കുന്നു.
  ഈ വാര്‍ത്ത വായിച്ച് സദാചാര പോലീസിനെ സപ്പോര്‍ട്ട് ചെയ്ത ആരെയും കണ്ടില്ല. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും നടക്കുന്നു. എങ്ങനെ?

  DKD - വരികള്‍ക്കിടയില്‍ വായിയ്ക്കാന്‍ കഴിയാത്തത് നന്മയോ വിഡ്ഢിതമോ എന്നറിയില്ല.

  ReplyDelete
 14. എന്റെ ബാല്യവും കൌമാരവും യവ്വനവും ഒക്കെ കൊച്ചിയില്‍ ആണ് ചിലവഴിച്ചത് ...അമ്മയോടൊപ്പവും പെങ്ങളുടെ കുഉടെയും ....ഭാര്യയുടെ കുഉടെയും ഒക്കെ ഒരു പാട് യാത്രകള്‍ നടത്താറുണ്ട്‌ ....ചിലപ്പോള്‍ രാത്രി വയ്കി ഒക്കെ അമ്മയുടെ വീട്ടില്‍ നിന്നും പെങ്ങളുടെ കു‌ടെ ബൈക്ക് ഇല എന്റെ വീട്ടിലേക്കു യാത്ര ചെയ്തട്ടുണ്ട് ....ഭാര്യയോടോപ്പവും ഒരു പാട് പ്രാവശ്യം സെക്കന്റ്‌ ഷോ കഴിഞ്ഞു രാത്രി ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട് .....ഞാന്‍ അറിഞ്ഞിടത്തോളം ....ചെറിയ ഒരു ന്യുഉന പക്ഷത്തിനു മാത്രമേ ഇങ്ങനെയുള്ള അക്രമങ്ങള്‍ ക്ക് ഇര ആകാരുല്ല്....അല്ലെങ്കില്‍ തന്നെ ഞാന്‍ ആലോചിച്ചു പോകുന്ന ഒരു കാര്യം എന്ത് കൊണ്ടാണ് ഇന്ന് വരെ ആങ്ങളയുടെ കുഉടെയോ ഭര്‍ത്താവിന്റെ കുഉടെയോ രാത്രി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇവ്വിധം സദാചാര വാദികളുടെ അക്രമത്തിനു ഇരയാവാതെ ഇരുന്നതിന്റെ രഹസ്യം എന്താണെന്നു ആണ്? ....എങ്ങനെയാണ് ഈ സധാച്ചരവധികള്‍ക്ക് മനസ്സില്‍ ആകുന്നത് ...ഇരയുടെ കു‌ടെ വന്നിരിക്കുന്നവന്‍ ആങ്ങളയോ ഭര്‍ത്താവോ അച്ഛനോ അല്ലെന്നു ...?

  ReplyDelete

Related Posts Plugin for WordPress, Blogger...