ലോകത്തെവിടെയാണെങ്കിലും ഒരു ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന മലയാളിയ്ക്ക്, തന്റെ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രിയമുള്ളവര്‍ രണ്ടുപേരായിരിക്കും. യേശുദാസ് എന്ന ഗായകനും, മോഹന്‍ലാല്‍ എന്ന നടനും. ഒരാള്‍ ഭൂമിയിലേക്ക് കണ്‍തുറന്നപ്പോള്‍ മുതല്‍ കേട്ടുതുടങ്ങിയ താരാട്ട്. മറ്റെയാള്‍ അറിവുവെച്ചപ്പോള്‍ മുതല്‍ മനസിലുള്ള നായകന്‍.
തമിഴന്റെയും തെലുങ്കന്റെയും നായകനല്ല മലയാളിയുടെ നായകന്‍. അയാള്‍ പത്തിരുപതു വില്ലന്മാരെ ഒറ്റയ്ക്ക് ഇടിച്ചു പപ്പടമാക്കുന്നില്ല. ഹെലികൊപ്റെരില്‍ നിന്നും ഓടുന്ന ട്രെയിനിന്റെ മുകളില്‍ ചാടിക്കയരുന്നില്ല. ബ്രെക്ടാന്‍സ് എന്ന പേരില്‍ കോമാളിത്തരം കാണിക്കുന്നില്ല. ചന്ദനക്കുറിയണിഞ്ഞ, വെള്ളമുണ്ട് ചുറ്റിയ നായകന്‍. കുടുംബഭാരം ചുമക്കുന്ന, കഷ്ട്ടപ്പെടുന്ന, ആ കഷ്ട്ടപ്പാടിനിടയിലും നമ്മളെ ചിരിപ്പിക്കുന്ന, വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ചെറിയ നായകന്‍. ആ നായകനായിരുന്നു മോഹന്‍ലാല്‍.