ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday, 21 July 2011

മനസ്സില്‍ പറക്കുന്ന പട്ടങ്ങള്‍.

 
 
ആ കുട്ടി ഒരു വല്ലാത്ത സ്വഭാവക്കാരനായിരുന്നു. ചിരിയ്ക്കുകയെയില്ല. കണ്ണുകള്‍ നമ്മുടെ മുഖത്ത് തന്നെയായിരിയ്ക്കും. പക്ഷെ നോക്കുന്നത് നമ്മളെയല്ല എന്ന് തോന്നും. മിഥുനെ ട്യൂഷന്‍ പഠിപ്പിയ്ക്കാന്‍  പോകുന്നത് ഉമയ്ക്ക്‌ വലിയ ഇഷ്ട്ടമൊന്നുമില്ലായിരുന്നു.നന്നായി പഠിയ്ക്കുന്ന കുട്ടിയാണ്. പക്ഷെ ഇങ്ങനെയുണ്ടോ കുട്ടികള്‍? വലിയ മിടുക്കനാണെന്ന അഹങ്കാരമായിരിയ്ക്കും. സത്യത്തില്‍ അവനു ട്യൂഷന്റെ ആവശ്യമേയില്ല. പക്ഷെ, മിഥുന്റെ മമ്മി സമ്മതിയ്ക്കില്ല. പത്താം ക്ലാസില്‍ അവന്‍ റാങ്ക് വാങ്ങണമെന്നാണ് അവര്‍ പറയുന്നത്. കിട്ടുമായിരിയ്ക്കും. കണക്കു മാത്രമേ ഇത്തിരി മാര്‍ക്ക് കുറയുന്ന വിഷയമുള്ളൂ. മിഥുന്റെ മമ്മി ഒരു പാട് നിര്‍ബന്ധിച്ചതിനു ശേഷമാണ് വീട്ടില്‍പ്പോയി പഠിപ്പിയ്ക്കാന്‍ ഉമ  സമ്മതിച്ചത്. മറ്റു കുട്ടികള്‍ ഉമയുടെ വീട്ടില്‍ വരാരാണ് പതിവ്. 
 
നാലുമണിയ്ക്ക്  ഉമ മിഥുന്റെ വീട്ടില്‍ വരുമ്പോള്‍, അവന്‍ സ്ക്കൂളില്‍ നിന്നു വന്നു ഡ്രെസ്സ് മാറുന്നതെയുണ്ടാവുകയുള്ള്. പിന്നെ നേരെ പഠിപ്പിയ്ക്കലിലെയ്ക്ക്  കടക്കും.  രണ്ടു പേര്‍ക്കുള്ള കാപ്പി മിഥുന്റെ അമ്മ തന്നെ എത്തിയ്ക്കും. പഠിപ്പിയ്ക്കുമ്പോഴെല്ലാം  അവര്‍ ആ മുറിയില്‍ തന്നെ ഇരിയ്ക്കും. അതാണ്‌ ഉമയ്ക്ക്‌ തീരെ ഇഷ്ട്ടപ്പെടാത്തത്. താന്‍ സമയം വെറുതെ കളയുന്നുണ്ടോയെന്നു നോക്കാന്‍ വന്നിരിയ്ക്കുകയാണ് അവരെന്ന് ഉമയ്ക്ക്‌ വെറുതെ തോന്നും. അത് പോരാഞ്ഞ്,  മിഥുന്റെ കണ്ണുകള്‍....   ആ കുട്ടി അവിടെയെങ്ങുമല്ല എന്ന് തോന്നും. വിഷമം പിടിച്ച ഒരു ചോദ്യം ചോദിച്ചു, ഉത്തരം പറയാതെ വരുമ്പോള്‍ അവന്റെ ചെവിയില്പ്പിടിച്ചു നുള്ളി, ഒന്ന് കരയിപ്പിയ്ക്കണമെന്നു ഉമയ്ക്ക്‌ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, മിഥുന്‍ എല്ലാ ചോദ്യത്തിനും ഉത്തരം പറയും. കുനിഷ്ട്ടു പിടിച്ച ഒരു കണക്കിട്ടു കൊടുത്തു ഉമ മിഥുന്റെ മുഖത്തേയ്ക്കു നോക്കിയിരിയ്ക്കും. യാതൊരു ഭാവഭെദവുമില്ലാതെ അത് ചെയ്തു തീര്‍ക്കും അവന്‍.  'എന്റെ മകന്‍ എത്ര കേമന്‍'   എന്ന മട്ടിലാണ് മിഥുന്റെ അമ്മ തന്നെ നോക്കുന്നതെന്ന് ഉമ വിചാരിയ്ക്കും. ഉമയെക്കാള്‍ കാര്യങ്ങള്‍ മിഥുന് അറിയാം എന്ന മട്ടിലാണ് അവര്‍ ചിരിയ്ക്കുന്നതെന്ന് അവള്‍ക്കു തോന്നും.
 
ഉമയുടെ മറ്റു ക്ലാസുകളൊക്കെ വളരെ രസമായിരുന്നു.സംശയമില്ലാഞ്ഞിട്ടും എപ്പോഴും എന്തെങ്കിലും സംശയം ചോദിയ്ക്കും ആ കുട്ടികള്‍. പിന്നെ ഉമയുടെ സകല വീട്ടുകാര്യവും അറിയണം. എന്ത് ബഹളമാണ് ക്ലാസ്സില്‍. പക്ഷെ മിഥുന്‍ ഒരിയ്ക്കലും  ഒരു സംശയവും ചോദിച്ചിട്ടില്ല. ഒന്നും തന്നെ ചോദിച്ചിട്ടില്ല. ആദ്യമായി പഠിപ്പിയ്ക്കാന്‍ വന്നപ്പോള്‍ ഉമ തന്റെ പേര് പറഞ്ഞിരുന്നു. വീടെവിടെയാനെന്നോ, ഏതു സ്കൂളിലാണ് പഠിപ്പിയ്ക്കുന്നതെന്നോ മിഥുന്‍ ചോദിച്ചില്ല. ഇത്ര നാളായിട്ടും മിഥുന്‍ തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഓര്‍ക്കുമ്പോള്‍ ഉമയ്ക്ക്‌ വല്ലാത്ത ഒരസ്വസ്തത തോന്നും. ഒരു യന്ത്രത്തെയാണ് താന്‍ പഠിപ്പിയ്ക്കുന്നതെന്ന് അവള്‍ വിചാരിയ്ക്കും.

   മിഥുന്റെ മുറി നിറയെ പട്ടങ്ങളായിരുന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ള പട്ടങ്ങളുണ്ടാക്കി ഭിത്തിയില്‍ ഒട്ടിച്ചു വെച്ചിരിയ്ക്കുന്നു. 'അതവന്റെ ഒരു ഹോബിയാ. പഠിതതീന്ന്  ബ്രെയ്ക്ക് എടുക്കുമ്പോ ഇങ്ങനെ പട്ടമുണ്ടാക്കും. ആയിക്കോട്ടേയെന്നു ഞാനും വിചാരിച്ചു. കൊണ്സെന്‍ട്രേഷന്‍  കിട്ടാന്‍ നല്ലതാനെന്നാ ഡോക്ടര് പറഞ്ഞെ'  മിഥുന്റെ മമ്മി അറിയിച്ചു. പച്ചയും നീലയും മഞ്ഞയും നിറത്തില്‍ പട്ടങ്ങള്‍   നിറഞ്ഞ ഒരു മുറി.
 
ഒരു ദിവസം ഉമ മിഥുന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ വലിയ ബഹളം നടക്കുകയാണ്. 'എ  സി വെയ്ക്കാംഎന്നു പറഞ്ഞിട്ട് ഇവന്‍ സമ്മതിയ്ക്കുന്നില്ല. എ സി യുണ്ടെങ്കില്‍ ചൂടില്ലാതെ പഠിയ്ക്കാമല്ലോ.' മിഥുന്റെ അമ്മ.
 
'എനിയ്ക്കേസി വേണ്ട. ആ ജനല്‍ തുറന്നിട്ടാല്‍ മതി. അതടയ്ക്കാന്‍ ഞാന്‍ സമ്മതിയ്ക്കില്ല'. മിഥുന്‍. 
'വേണ്ടെങ്കില്‍ വേണ്ട. പക്ഷെ സൌകര്യങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ മാര്‍ക്കെങ്ങാന്‍ കുറഞ്ഞാല്‍'........ പൂര്‍ത്തിയാക്കാത്ത ആ ഭീഷണിയുമായി മിഥുന്റെ അമ്മ പോയി.  
 
ആ കുട്ടി പതിയെ ജനലിനടുത്തു ചെന്ന് അത് വീണ്ടും തുറന്നു. അതിനു വെളിയില്‍ ആകാശമായിരുന്നു. രണ്ടു കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് നടുവില്‍ ഒരു തുണ്ട് ആകാശം. ആ ആകാശത്തിലേയ്ക്ക് നോക്കി നില്‍ക്കവേ മിഥുന്റെ കണ്ണില്‍ പട്ടങ്ങള്‍ പറന്നു. പച്ചയും നീലയും മഞ്ഞയും വര്‍ണത്തില്‍. അന്നാദ്യമായി മിഥുന്റെ ചുണ്ടില്‍ ഉമ ഒരു ചിരി കണ്ടു.
 

9 comments:

 1. "അവനു വേണ്ടത് എല്ലാം കൊടുത്തു എന്നിട്ടും അവനു മാര്‍ക്ക് കുറവാ..." ഒരു ട്യുഷന്‍ സെന്‍റരില്‍ എത്തിയ ഒരു അമ്മയുടെ കംപ്ലൈന്റ്റ്‌ ഞാന്‍ ഇത് വായിച്ചപ്പോ ഓര്‍ക്കുന്നു. പഠിത്തം പഠിത്തം എന്ന് പറഞ്ഞു കുട്ടികളെ ശ്വാസം മുട്ടിക്കുന്ന പല മാതാപിതാക്കളും, നല്ലത് എന്ന് കരുതി ചെയ്യുന്നതിന്‍റെ വിപരിത ഫലം ആണ് തിരികെ ലഭിക്കുന്നത്. ഓരോ കുട്ടികള്‍ക്ക് അവരുടെതായ കഴിവ് ഉണ്ട്, അത് മനസിലാക്കി പ്രോസാഹിപ്പിച്ചാല്‍ ജീവിതത്തില്‍ അവര്‍ വിജയം വരിക്കും. അല്ലാത്ത പക്ഷം ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്പോ അവര്‍ക്ക് നഷ്ട്ടബോധം മാത്രം ആകും ഉണ്ടാക്കുക.

  ReplyDelete
 2. ഇത്തരം തള്ളമാരെയൊക്കെ തലേംകുത്തി കെട്ടിത്തൂക്കിയിട്ടടിക്കണം എന്നേ എനിക്കിപ്പോള്‍ പറയാനുള്ളൂ

  ReplyDelete
 3. good... really touching
  We need to open our windows for our kids..

  ReplyDelete
 4. കഷ്ടം...!
  എന്റെ സീനിയറായി പഠിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോഴൊക്കെ കളിക്കാനോ കഥകള്‍ വായിക്കാനോ പോകാതെ, മുഴുവന്‍ സമയവും പഠനം എന്ന് പറഞ്ഞുനടന്ന കുട്ടി, അതും സ്വന്തം ഇഷ്ടത്തിന്. ഒടുവില്‍ എം.എസ്.സി. കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി ഒത്തിരി നടന്നു. കിട്ടിയത് പി.എസ്.സി. അസിസ്റ്റന്റ്. പിന്നീട് കണ്ടപ്പോള്‍ അവള്‍ പറഞ്ഞിരുന്നു, തലയില്‍ വരച്ചിരുന്നത് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നൊക്കെ അല്പം കൂടി ഫ്രീ ആയി നടക്കാമായിരുന്നു, ഇപ്പോള്‍ കോളേജ്‌ ലൈഫും പോയി, പ്രാരാബ്ധങ്ങളുമായി എന്ന്.
  പാവം കുട്ടികള്‍. പ്രത്യേകിച്ച് നഗര ജീവിതവും കൂടിയാവുമ്പോള്‍....

  ReplyDelete
 5. പുറംലോകത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം മാത്രം തുറക്കുന്ന ഒരു കിളിവാതില്‍ എല്ലാവര്ക്കും ഉണ്ടാകും....
  രണ്ടു മാനസികാവസ്ഥകള്‍ ചുരുക്കി നന്നായി വരച്ചു..

  ReplyDelete
 6. പോപ്പുലര്‍ പോസ്റ്റുകള്‍ക്ക്‌ പുറകെ പോകാതെ മനസ്സിന് തൃപ്തി തരുന്ന ഇത്തരം രചനകളില്‍ ശ്രദ്ധിക്കൂ.

  ReplyDelete
 7. ജാലകങ്ങള്‍ തുറക്കട്ടെ, ദര്‍ശനം വിപുലമാകട്ടെ....ആശംസകള്‍

  ReplyDelete
 8. വിഷയവും, അവതരണവും ഇഷ്ടപെട്ടു.
  ഉമയുടെ കണ്ണുകളിലൂടെ മിഥുനേയും, അമ്മയേയും, മിഥുന്‍‍റെ മനസ്സിനേയും നന്നായി അവതരിപ്പിച്ചു.
  അവശേഷിക്കുന്ന കാഴ്ചകളും നഷ്ടപെടുമെന്നുള്ള ഭീതി മിഥുന്‍‍റെ വാക്കുകളില്‍ നിന്ന് അനുഭവിക്കാന്‍ കഴിയുന്നു

  ആശംസകള്‍!

  ReplyDelete
 9. അഭിപ്രായങ്ങള്‍ക്ക് നന്ദി.പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ കഥയാണിത്. അന്നെതെതിലും ഒത്തിരി വഷളാണ് ഇപ്പോള്‍ കാര്യങ്ങള്‍. പാവം നമ്മുടെ കുട്ടികള്‍. രണ്ടാം ക്ലാസില്‍ പഠിയ്ക്കുന്ന കുട്ടിയുടെ പഠന ഭാരം കണ്ടാല്‍ കഷ്ട്ടം തോന്നും. എല്ലാവരും മിടുക്കന്മാരാകുമ്പോള്‍ നമ്മുടെ കുട്ടികള്‍ മാത്രം പിന്തള്ളപ്പെടാന്‍ പാടില്ലെന്ന് മാതാപിതാക്കള്‍ വിചാരിച്ചാല്‍ അതിനെ സ്വാര്തതയെന്നോ സ്നേഹമെന്നോ വിളിയ്ക്കെണ്ടതെന്നു അറിയില്ല. ജോലിയും കൂലിയുമില്ലാതെ മക്കള്‍ നട്ടം തിരിയുന്നത് കാണാന്‍ ആര്‍ക്കും ആഗ്രഹാമുണ്ടാകില്ല. പക്ഷെ ആഗ്രഹം എത്രതോളമാകാം എന്നത് എല്ലാ മാതാപിതാക്കളും സ്വയം ചോദിയ്ക്കേണ്ട കാര്യമാണ്. കുട്ടിയുടെ കഴിവിനും ഇഷ്ട്ടത്തിനുമപ്പുരമുള്ള കാര്യങ്ങള്‍ ആഗ്രഹിയ്ക്കാന്‍ നമുക്കാവകാശമുണ്ടോ? മാതാപിതാക്കളുടെ ആഗ്രഹ പൂര്ത്തിയ്ക്കുള്ള വെറും ഉപകരണങ്ങള്‍ മാത്രമാകരുത് മക്കള്‍. സന്തോഷകരമായ ഒരു ജീവിതം അവര്‍ക്ക് ലഭിയ്ക്കുക കഴിയുക എന്നതാണ് സര്‍വപ്രധാനം. നമ്മുടെ സന്തോഷമാവനമെന്നില്ല അവരുടേത് എന്ന തിരിച്ചറിവും പ്രധാനമാണ്.

  @vettathan: മനസിന്‌ തൃപ്തി രണ്ടു തരത്തിലുണ്ട്. നല്ലൊരു പോസ്റ്റു എഴുതിയെന്ന ആത്മസംതൃപ്തി. രണ്ടാമത്തേത്‌ മറ്റുള്ളവര്‍ വായിച്ച് നല്ലതെന്ന് പറയുമ്പോഴത്തെ സന്തോഷം. എനിയ്ക്ക് രണ്ടും വേണം.

  ReplyDelete

Related Posts Plugin for WordPress, Blogger...